| Saturday, 8th December 2012, 9:09 am

നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുര്‍സി; ഈജിപ്തില്‍ വന്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കയ്‌റോ: നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ വിസമ്മതിച്ച ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ കൊട്ടാരത്തിന് മുന്നില്‍ വീണ്ടും സംഘര്‍ഷം.  കാവല്‍ നില്‍ക്കുന്ന സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. []

ഇതുവരെ ഏഴുപേര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തില്‍ 700 പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭകരെ തിരിച്ചയയ്ക്കാന്‍ ടാങ്കുള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി പട്ടാളം നിലയുറപ്പിച്ചിട്ടുണ്ട്.

ഇവിടെ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്ത് കൊട്ടാരത്തിനകത്തേയ്ക്ക് കടക്കാന്‍ പ്രക്ഷോഭകാരികള്‍ ശ്രമിച്ചതാണ് രംഗം വഷളാക്കിയത്. മുര്‍സി വിരുദ്ധ മുദ്രാവാക്യങ്ങളുമായി കൊട്ടാരത്തിലേക്ക് തള്ളിക്കയറാന്‍ പ്രക്ഷോഭകാരികള്‍ ശ്രമിച്ചു.

സ്ത്രീകളും കുട്ടികളും അടക്കം നൂറുക്കണക്കിനാളുകളാണ് കയ്‌റോയിലുള്ള പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞത്. അക്രമത്തിന് ഉത്തരവാദികളായ 80 പേരെ അറസ്റ്റ് ചെയ്തതായി മുര്‍സി അറിയിച്ചു. സാഗാസിഗിലെ മുര്‍സിയുടെ വീടിനു പുറത്ത് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് തന്റെ ഉത്തരവുകള്‍ കോടതിക്ക് റദ്ദാക്കാനാകില്ലെന്ന് ദേശീയ ടെലിവിഷന്‍ വഴി മുര്‍സി ആവര്‍ത്തിച്ചത്. പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ കയ്‌റോയിലെ മുസ്‌ലിം ബ്രദര്‍ ഹുഡിന്റെ ആസ്ഥാനത്തിന് നേരേ തീവെപ്പുണ്ടായി.

സിഗാസിഗിലുള്ള മുര്‍സിയുടെ വീട്ടിനുമുന്നിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. മുസ്‌ലിം ബദര്‍ഹുഡ് അനുയായികളും കൊട്ടാരത്തിനുസമീപം എത്തിക്കൊണ്ടിരിക്കുന്നത് കൂടുതല്‍ പോരാട്ടങ്ങള്‍ക്ക് വഴിവയ്ക്കുമോ എന്ന് ആശങ്കയുണര്‍ത്തിയിട്ടുണ്ട്.

ഇന്നലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം തഹ്‌രീര്‍ സ്‌ക്വയറില്‍ വന്‍ ജനമുന്നേറ്റമാണ് കണ്ടത്. ജൂണില്‍ മുര്‍സി അധികാരത്തിലേറിയതിനുശേഷം കണ്ട ഏറ്റവും വലിയ പ്രതിഷേധപ്രകടനമായിരുന്നു അത്.

തന്റെ നിലപാടിനെ സമാധാനപരമായി എതിര്‍ക്കുന്നവരെ അംഗീകരിക്കുമെന്നും എന്നാല്‍, അക്രമം നടത്തുന്നവരെ അംഗീകരിക്കില്ലെന്നും മുര്‍സി തുറന്നടിച്ചു.

അക്രമത്തിന് പിന്നില്‍ അഴിമതിക്കാരായ മുന്‍ ഭരണകൂടത്തിലെ അംഗങ്ങളാണെന്നാണ് അദ്ദേഹം ആരോപിച്ചത്. അതിനിടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രതിപക്ഷവുമായി ഇന്ന് ചര്‍ച്ച നടത്താന്‍ മുര്‍സി തയാറായെങ്കിലും പ്രക്ഷോഭകാരികള്‍ ഈ നിര്‍ദേശം തള്ളിക്കളയുകയായിരുന്നു.

ചില ഇളവുകള്‍ അനുവദിക്കാമെന്ന മുര്‍സിയുടെ നിലപാടാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. പുതിയ ഭരണഘടനയിന്‍മേലുള്ള ഹിതപരിശോധന 15നു നടത്തുന്നതില്‍നിന്നു പിന്‍മാറില്ലെന്ന മുര്‍സി വ്യക്തമാക്കിയതോടെയാണ് ചര്‍ച്ചയ്ക്കു തയാറല്ലെന്ന് പ്രതിപക്ഷം അറിയിച്ചത്.

മുര്‍സി അമിതാധികാരങ്ങള്‍ ഉപേക്ഷിക്കണമെന്നും ഹിതപരിശോധന നീട്ടിവയ്ക്കണമെന്നും, ദേശീയ ഐക്യത്തിനായി ജനങ്ങള്‍ ഒന്നിക്കണമെന്നും പ്രതിപക്ഷ നേതാവ് എല്‍ബറാദി ആഹ്വാനം ചെയ്തു.

We use cookies to give you the best possible experience. Learn more