മുര്‍ഷിദാബാദിലെ രാമനവമി അക്രമം; ബെര്‍ഹാംപൂരിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി
national news
മുര്‍ഷിദാബാദിലെ രാമനവമി അക്രമം; ബെര്‍ഹാംപൂരിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th April 2024, 10:07 am

കൊല്‍ക്കത്ത: രാമനവമി ആഘോഷത്തിനിടെ മുര്‍ഷിദാബാദില്‍ സംഘര്‍ഷം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ബെര്‍ഹാംപൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. സംഘര്‍ഷങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തെരഞ്ഞെടുപ്പ് നീട്ടിവെക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.

രാമനവമി ആഘോഷത്തിനിടെ സംഘര്‍ഷം ഉണ്ടായത് ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജിയില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ 26ലേക്ക് കോടതി മാറ്റി.

എട്ട് മണിക്കൂര്‍ പോലും ജനങ്ങള്‍ക്ക് സമാധാനത്തോടെ ഏതെങ്കിലും ഉത്സവം ആസ്വദിക്കാനും ആഘോഷിക്കാനും കഴിയുന്നില്ലെങ്കില്‍ അത്തരം മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ഇലക്ഷന്‍ കമ്മീഷനോട് പറയുമെന്ന് കോടതി വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കെ രണ്ട് കൂട്ടം ആളുകള്‍ പരസ്പരം പോരടിച്ചെന്നും കോടതി നിരീക്ഷിച്ചു. രാമനവമി ദിനത്തില്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ശക്തിപൂരില്‍ നടന്ന റാലിയില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

പരിക്കേറ്റത് ഒരു സ്ത്രീക്കാണെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചിരുന്നു. അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നതെന്നാണ് മമത ബാനര്‍ജി പറഞ്ഞത്. അതേസമയം, ബംഗാളി ഹിന്ദുക്കളെ സംരക്ഷിക്കുന്നതില്‍ മമത ബാനര്‍ജി പരാജയപ്പെട്ടെന്നാണ് ബി.ജെ.പി ഇതിനോട് പ്രതികരിച്ചത്. ബെര്‍ഹാംപൂരില്‍ മെയ് 13നാണ് വോട്ടെടുപ്പ്.

Content Highlight: Murshidabad Ram Navami violence: Court asks EC to postpone voting in Berhampur