ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ ഫൈനലില്‍. നാല് സെറ്റ് നീണ്ട സെമി പോരാട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ തോല്‍പിച്ചാണ് മുറെയുടെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍ 7-5, 6-2, 6-1, 7-6.
ഇത് രണ്ടാം തവണയാണ് മുറെ യു.എസ് ഓപ്പണില്‍ ഫൈനലില്‍ കടക്കുന്നത്. ഡേവിഡ് ഫെററും നൊവാക് ദ്യോക്കോവിച്ചും തമ്മിലുള്ള സെമി പോരാട്ടത്തിലെ വിജയിയെയാണ് മുറെ കലാശപോരാട്ടത്തില്‍ നേരിടുക.[]
അതേസമയം വനിതാ വിഭാഗം ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ബലാറസിന്റെ വിക്‌ടോറിയ അസരങ്കെയും മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസും ഇന്ന് ഏറ്റുമുട്ടും. 15ാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടാണ് സെറീന ഇന്ന് അസരങ്കെയ്‌ക്കെതിരെ ഇറങ്ങുന്നത്.
കരിയറില്‍ നാല് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍ നേടിയതിലൂടെ കരിയര്‍ സ്ലാമിനൊപ്പം ഇക്കഴിഞ്ഞ ഒളിമ്പിക്‌സില്‍ സ്വര്‍ണനേട്ടത്തോടെ ഗോള്‍ഡന്‍ സ്ലാമും തികച്ച ആത്മവിശ്വാസത്തിലാണ് സെറീന. ഈ വര്‍ഷത്തെ അവസാന ഗ്രാന്‍ഡ് സ്ലാം ജയിച്ച് ഈ സീസണ്‍ ഗോള്‍ഡന്‍ സമ്മറാക്കാനുള്ള പുറപ്പാടിലാണ് ഇവര്‍.