| Tuesday, 26th March 2019, 10:27 am

'താങ്കള്‍ മത്സരിക്കുന്നത് മോദിക്കും അമിത് ഷായ്ക്കും ഇഷ്ടമല്ല' ബി.ജെ.പി മുരളി മനോഹര്‍ ജോഷിയെ ഒതുക്കിയതിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നിഷേധിച്ച് പാര്‍ട്ടി. മുരളി മനോഹര്‍ ജോഷി മത്സരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും താല്‍പര്യമില്ലെന്നു പറഞ്ഞാണ് പാര്‍ട്ടി അദ്ദേഹത്തിന് സ്ഥാനം നിഷേധിച്ചത്.

കാന്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷി തയ്യാറെടുക്കുന്നതിനിടെയാണ് തീരുമാനം. മുരളി മനോഹര്‍ ജോഷി മത്സരിക്കേണ്ടെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം ലാല്‍ അറിയിച്ചതായി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 2014ല്‍ മോദിക്കുവേണ്ടി മുരളി മനോഹര്‍ ജോഷി വാരാണസി സീറ്റ് ഒഴിഞ്ഞു കൊടുത്തിരുന്നു.

Also read:അമേത്തിയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് മത്സരത്തിന്; വിമതനാവുന്നത് രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നോമിനിയായിരുന്ന നേതാവിന്റെ മകന്‍

തനിക്ക് വലിയ അപമാനമാണിതെന്ന് മുരളി മനോഹര്‍ ജോഷി രാം ലാലിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മോദിയും ഷായും കൂടി അവര്‍ക്ക് പറയാനുള്ള ചില കാര്യങ്ങള്‍ തന്നെ ഉപയോഗിച്ച് പറഞ്ഞിരിക്കുകയാണെന്നും ജോഷി പറഞ്ഞു.

രണ്ടു ദിവസം മുമ്പു തന്നെ മോദിയും ഷായും ജോഷിയെ തഴയാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന് ഒരു സൂചനപോലും അദ്ദേഹത്തിന് നേരത്തെ നല്‍കിയിരുന്നില്ല.

“എന്തിനെയാണ് അവര്‍ ഭയക്കുന്നത്? എന്തുകൊണ്ട് അവര്‍ക്കെന്നെ അഭിമുഖീകരിക്കാന്‍ കഴിയുന്നില്ല?” എന്നും ജോഷി രാം ലാലിനോട് ചോദിച്ചതായാണ് റിപ്പോര്‍ട്ട്.

57% വോട്ടുകള്‍ നേടിയാണ് കാണ്‍പൂരില്‍ 2014ല്‍ ജോഷി ജയിച്ചത്. 2014ലെ തെരഞ്ഞെടുപ്പിനുശേഷം മാര്‍ഗദര്‍ശക് മണ്ഡലില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നുവെന്നാണ് ബി.ജെ.പി മാധ്യമങ്ങളോട് പറഞ്ഞത്. മുരളീ മനോഹര്‍ ജോഷിക്കു പുറമേ എല്‍.കെ അദ്വാനി, ശാന്ത കുമാര്‍ തുടങ്ങിയവര്‍ക്കും പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇവരെയും സമാനമായ രീതിയില്‍ രാം ലാല്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്.

മത്സരിക്കാന്‍ അദ്വാനി വിസമ്മതിച്ചിട്ടുണ്ടെങ്കിലും സീറ്റ് നിഷേധിച്ച പാര്‍ട്ടിയുടെ തീരുമാനം അദ്ദേഹത്തെ വലിയ രീതിയില്‍ വേദനിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമിത് ഷായ്ക്ക് തങ്ങളെ നേരിട്ട് ഇക്കാര്യം അറിയിക്കാമായിരുന്നെന്ന് അദ്വാനിയും ജോഷിയും പറയുന്നുണ്ട്.

പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി ചെയര്‍മാനാണ് ജോഷി. ഗംഗ ശുചീകരണം, ബാങ്കിങ് എന്‍.പി.എ തുടങ്ങിയ വിഷയത്തില്‍ അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പുകാരുടെ “രാജന്‍ ലിസ്റ്റ്” (രഘുറാം രാജന്‍ പുറത്തുവിട്ട ലിസ്റ്റ്) പുറത്തുകൊണ്ടുവന്നതും ജോഷിയായിരുന്നു.

We use cookies to give you the best possible experience. Learn more