ലണ്ടന്‍: മാധ്യമരാജാവ് റൂപെര്‍ട്ട് മര്‍ഡോക് ബ്രട്ടീഷ് ദിനപത്രപത്രങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചു. ദ സണ്‍, ദ ടൈംസ്, ദ സണ്‍ഡേ ടൈംസ് എന്നീ പത്രങ്ങളുടെ ബോര്‍ഡില്‍ നിന്നാണ് മര്‍ഡോക്ക് സ്വയമൊഴിഞ്ഞത്. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ബ്രട്ടീഷ് കമ്പനിയായ ന്യൂസ് ഇന്റര്‍നാഷണല്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്. []
കഴിഞ്ഞ ആഴ്ചയാണ് മര്‍ഡോക് സ്ഥാനം രാജിവെച്ചതെന്നും കൂടുതലും ചെറിയ ബോര്‍ഡുകളില്‍ നിന്നാണ് അദ്ദേഹം ഒഴിവായതെന്നും വക്താവ് വ്യക്തമാക്കി. ന്യൂസ് കോര്‍പ് ഇന്‍വെസ്റ്റ്‌മെന്റ്, ന്യൂസ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ലിമിറ്റഡ്, ടൈംസ് ന്യൂസ്‌പേപ്പര്‍ ഹോള്‍ഡിംഗ് തുടങ്ങിയവയുടെ ബോര്‍ഡില്‍ നിന്നും മര്‍ഡോക് കഴിഞ്ഞയാഴ്ച ഒഴിവായിരുന്നു. യു.എസ്, ഓസ്‌ത്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലെ ബോര്‍ഡുകളില്‍ നിന്നും മര്‍ഡോക് രാജിവെച്ചിട്ടുണ്ട്.
കമ്പനിക്ക് കീഴിലുള്ള പ്രസിദ്ധീകരണ വിഭാഗവും വിനോദവിഭാഗവും രണ്ടാക്കി മാറ്റുകയാണെന്ന് കഴിഞ്ഞ മാസം മര്‍ഡോക് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം രാജിവെച്ചതെന്നും ന്യൂസ് ഇന്റര്‍നാഷണല്‍ വക്താവ് വ്യക്തമാക്കി.
ഫോക്‌സ് സ്റ്റുഡിയോസും ടെലിവിഷന്‍ അസറ്റ്‌സും നേതൃത്വം നല്‍കുന്ന വിനോദ യൂണിറ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് മര്‍ഡോക് തുടരുമെന്നും വക്താവ് അറിയിച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന് മര്‍ഡോക്കിന്റെ നേതൃത്വത്തിലുള്ള ന്യൂസ് ഓഫ് ദ വേള്‍ഡ് അടച്ചുപൂട്ടി ഒരു വര്‍ഷത്തിനുശേഷമാണ് മര്‍ഡോക്കിന്റെ രാജി.
അതേസമയം യു.കെ അസ്ഥാനമായുള്ള പത്രസ്ഥാനങ്ങള്‍ വില്‍ക്കാനുള്ള മര്‍ഡോക്കിന്റെ നീക്കത്തിന് മുന്നോടിയാണ് ഈ രാജിയെന്നും റിപ്പോര്‍ട്ടുണ്ട്.