ചത്തീസ്ഗഡ്: പഞ്ചാബ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലയാളി അറസ്റ്റില്‍. പുനെയില്‍ നിന്നാണ് പ്രതി പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്തോഷ് ജാദവ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.
ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങിലെ അംഗമാണ് ജാദവ്.
പ്രതിയെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി. ജൂണ്‍ 20വരെ കസ്റ്റഡിയില്‍ വിട്ടതായി ടൈംസ്‌നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജാദവിന്റെ സഹായി നവ്‌നാഥ് സൂര്യവംശിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മെയ് 29നാണ് സിദ്ദു മൂസെവാല അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. പഞ്ചാബിലെ ജവഹര്‍കേയിലെ മാന്‍സയില്‍ വെച്ചാണ് സിദ്ദുവിന് വെടിയേറ്റത്.
സിദ്ദുവും സുഹൃത്തുക്കളും കാറില്‍ സഞ്ചരിക്കുമ്പോള്‍ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ സിദ്ദു ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സിദ്ദുവിനെ രക്ഷിക്കാനായില്ല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മാന്‍സ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിദ്ദു മൂസേവാല എ.എ.പിയുടെ വിജയ് സിംഗ്ലയോട് 63,000 വോട്ടുകള്‍ക്ക് തോറ്റിരുന്നു.
സിദ്ദു ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പൊലീസ് പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു അപകടം. സിദ്ദുവിന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ
വി.വി.ഐ.പികള്‍ക്ക് അവനുവദിച്ചിരുന്ന പ്രത്യേക സുരക്ഷ പുനസ്ഥാപിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 420 വി.വി.ഐ.പി.കളുടെ സുരക്ഷയായിരിക്കും സര്‍ക്കാര്‍ പുന:സ്ഥാപിക്കുക.
Content Highlight: Murderer of sidhu moose wala arrested