ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയുടെ മകന്‍ അലി ഹൈദര്‍ ഗീലാനിയെ തട്ടികൊണ്ടുപോയി.[]
പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി മുള്‍ത്താനില്‍ നടത്തിയ റാലിക്ക് നേരെ ആയുധധാരികള്‍ വെടിവെക്കുകയും ശേഷം അലി ഹൈദറിനെ തട്ടികൊണ്ടുപോകുകയുമായിരുന്നു.
ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അലി ഹൈദര്‍ ഗീലാനിയുടെ പേഴ്‌സണല്‍ സെക്രട്ടറി മുഹിയുദ്ദീന്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.
മെയ് പതിനൊന്നിന് പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തിലാണ് ഈ തട്ടികൊണ്ടുപോകല്‍ എന്നുള്ളതിനാല്‍ സംഭവം ഏറെ ഗൗരവമേറിയതാണ്. സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായ വിശദീകരണം വരുകയോ, സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല.
അലി ഹൈദര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ കാറിലെത്തിയ അക്രമിസംഘം അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ ടി.വി. ചാനലുകളോട് പറഞ്ഞു.
മെയ് 11 ന് രാജ്യത്ത് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി, പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, അവാമി നാഷണല്‍ പാര്‍ട്ടി തുടങ്ങിയ മതനിരപേക്ഷ കക്ഷികള്‍ക്കെതിരെ ആക്രമണം നടത്തുമെന്ന് പാക്കിസ്ഥാനില്‍ നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ തെഹ്‌രിക്-ഇ-താലിബാന്‍ പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുള്‍ട്ടാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് അലി ഹൈദര്‍ക്ക് തീവ്രവാദ സംഘടനകളും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.