| Monday, 2nd September 2024, 2:00 pm

ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. മധ്യപ്രദേശിലെ മോറോന ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യാസഹോദരനെ കൊലപ്പെടുത്തിയ കേസിൽ ശനിയാഴ്ച അറസ്റ്റിലായ സണ്ണിയെന്ന ബാലകൃഷ്‌ണ ജാദവിനെയാണ് സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിനുള്ളിൽ ജനലിൽ കെട്ടിയ തുണിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഡിസംബറിൽ ജില്ലയിലെ ജലപാതയ്ക്ക് സമീപം സണ്ണിയുടെ ഭർതൃസഹോദരന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് ഭർതൃസഹോദരനെ കൊലപ്പെടുത്തിയതിന് ഗ്വാളിയോർ സ്വദേശിയായ സണ്ണിയെ ശനിയാഴ്ച അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. എന്നാൽ സണ്ണിയെ നാല് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു എന്ന് കുടുംബം പറഞ്ഞു.

പ്രഥമ ദൃഷ്ട്യാ സണ്ണി ആത്മഹത്യ ചെയ്തു എന്നാണ് വ്യക്തമാകുന്നതെന്ന് എ.എസ്.പി പറഞ്ഞു. എങ്കിലും സംഭവസ്ഥലം സന്ദർശിച്ച ശേഷം പൊലീസ് സൂപ്രണ്ട് സമീർ സൗരഭ്, കസ്റ്റഡി മരണത്തിൽ പൊലീസ് സ്റ്റേഷൻ ഇൻചാർജും ഇൻസ്പെക്ടറുമായ രാംബാബു യാദവിനെയും ഒരു ഹെഡ് കോൺസ്റ്റബിളിനെയും കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തു.

അതേസമയം, സണ്ണിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സണ്ണിയുടെ കുടുംബവും പരിചയക്കാരും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. തുടർന്ന് പൊലീസ് സ്‌റ്റേഷന് ചുറ്റും കനത്ത സുരക്ഷാ ഉറപ്പാക്കിയിട്ടുണ്ട്.

പൊലീസ് പട്ടികജാതി വിഭാഗക്കാരെ ലക്ഷ്യമിടുന്നെന്ന് ആരോപിച്ച് കോൺഗ്രസ് മുന്നോട്ട് വന്നിട്ടുണ്ട്. സംഭവത്തിൽ മൊറേന പൊലീസ് സൂപ്രണ്ടിനെ പിരിച്ചുവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

‘മധ്യപ്രദേശിൽ ദളിതനാകുന്നത് കുറ്റമാണോ? കട്‌നിക്ക് ശേഷം മറ്റൊരു ദളിതനെ പൊലീസ് ഉന്നം വെച്ചിരിക്കുന്നു,’ സംഭവത്തെ വിമർശിച്ച് മധ്യപ്രദേശ് കോൺഗ്രസ് മേധാവി ജിതു പട്‌വാരി എഴുതി.

ഒരു ദളിത് സ്ത്രീയെയും അവരുടെ ചെറുമകനെയും പൊലീസ് കസ്റ്റഡിയിൽ മർദിച്ചതായി ആരോപിക്കപ്പെടുന്ന ഒരു വീഡിയോ വൈറലായിരുന്നു. സംഭവത്തിൽ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും മറ്റ് പൊലീസുകാരും നടപടി നേരിട്ടു.

ബി.ആർ അംബേദ്കറുടെ പ്രത്യയശാസ്ത്രമുള്ള ആളുകൾക്കെതിരെ ബി.ജെ.പി സർക്കാർ എന്തിനാണ് ഇത്രയധികം വിദ്വേഷം പുലർത്തുന്നതെന്നും പട്‌വാരി ചോദിച്ചു.

Content Highlight: Murder suspect found hanging in MP police station lock-up; ‘Dalits being targeted’, says Cong

We use cookies to give you the best possible experience. Learn more