| Friday, 29th July 2022, 3:16 pm

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: കേസ് എന്‍.ഐ.എക്ക് കൈമാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് എന്‍.ഐ.എക്ക് കൈമാറി കര്‍ണാടക സര്‍ക്കാര്‍. കേസില്‍ നേരത്തെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.

കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരയില്‍ നിന്നാണ് രണ്ട് പ്രതികളും പിടിയിലായത്. ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരയെ കൊലപ്പെടുത്തിയത്. 29 കാരനായ സാക്കീര്‍, 27 കാരനായ മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. കേരള രജിസട്രേഷനിലുള്ള ബൈക്കിലാണ് ഇവര്‍ എത്തിയത്.

ഈ പശ്ചാത്തലത്തില്‍ കേസന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എന്‍.ഐ.എക്ക് വിട്ടുകൊണ്ടുള്ള നടപടി.

എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേരെ ചോദ്യം ചെയ്ത് വരികയാണ്. പ്രതികള്‍ സഞ്ചരിച്ച കേരള രജിസ്‌ട്രേഷനിലുള്ള ബൈക്ക് കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്.

കാസര്‍കോടിലേക്കും കണ്ണൂരിലേക്കും അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം കൊലപാതകം ആസൂത്രിതമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.

കനയ്യ ലാലിനെ പിന്തുണച്ച് നേരത്തെ കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. അഞ്ച് ദിവസം മുമ്പ് കാസര്‍കോട് സ്വദേശിയായ മസൂദ് എന്ന 19 കാരന്‍ മംഗളൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രവീണിന്റെ കൊലപാതകം.

‘എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ക്ക് എതിരെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ സംഘടനകളെ നിരോധിക്കുന്നതില്‍ കേന്ദ്രത്തില്‍ നിന്നും അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നു.’ എന്ന് കര്‍ണാടക മുക്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞിരുന്നു.

അതേസമയം പ്രവര്‍ത്തകന്റെ മരണത്തില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് യുവമോര്‍ച്ച ദേശീയ അധ്യക്ഷനും എം.പിയുമായ തേജസ്വി സൂര്യ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ആണ് ഈ സമയത്ത് ഭരിച്ചിരുന്നതെങ്കില്‍ മിനിമം കല്ലെങ്കിലും എറിയാമായിരുന്നു എന്നായിരുന്നു യുവമോര്‍ച്ച നേതാവ് തേജസ്വി സൂര്യയുടെ പ്രതികരണം. ഇത് സംബന്ധിച്ച ശബ്ദരേഖ പുറത്തുവന്നതോടെ സേജസ്വിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്,

ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ചിക്മംഗളൂരു യുവമോര്‍ച്ച പ്രസിഡന്റ് സന്ദീപ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെക്കുകയും ചെയ്തിരുന്നു. ബെംഗളൂരു സൗത്ത് എം.പി കൂടിയാണ് തേജസ്വി സൂര്യ.

താങ്കള്‍ പറയുന്ന കാര്യങ്ങള്‍ എനിക്ക് മനസിലാക്കാന്‍ കഴിയുന്നുണ്ട്. താങ്കളെക്കാളും പത്തിരട്ടി ദേഷ്യം എന്റെയുള്ളിലുണ്ട്. ഇത് കോണ്‍ഗ്രസിന്റെ ഭരണമായിരുന്നെങ്കില്‍ കല്ലെങ്കിലും എറിയാമായിരുന്നു. ഇവിടെ ഭരിക്കുന്നത് നമ്മുടെ സര്‍ക്കാരാണ്.

ഈ പ്രശ്നം വഷളാക്കാന്‍ നാം അനുവദിക്കരുത്.

നമ്മുടെ പാര്‍ട്ടിക്കാരനെന്ന നിലയില്‍ മുഖ്യമന്ത്രിയോട് സംസാരിച്ചുവേണം നടപടിയെടുക്കാന്‍. പ്രശ്നം വഷളാവാതെ എല്ലാം പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങണം,’ എന്നായിരുന്നു തേജസ്വി സൂര്യയുടെ പരാമര്‍ശം.

Content Highlight: Murder of Yuva Morcha worker: Case handed over to NIA

Latest Stories

We use cookies to give you the best possible experience. Learn more