പാലക്കാട്: പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതിയും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നാണ് നിഗമനം.
തിരിച്ചറിയല്‍ പരേഡ് നടക്കാനുള്ളതിനാല്‍ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് രണ്ടാമത്തെയാളെയും അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാളും പ്രതികള്‍ സഞ്ചരിച്ച വഹനത്തിന്റെ ഡ്രൈവറുമായ വ്യക്തിയെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരെ കാറില്‍ സംഭവസ്ഥലത്ത് എത്തിച്ചത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്.
കോട്ടയം, മുണ്ടക്കയത്ത് നിന്നും പിടിയിലായ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പൊലീസ് നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഇന്ന് അറസ്റ്റിലായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ഇയാളുമായി ഇന്നലെ അന്വേഷണ സംഘം തെളിവെടുപ്പും നടത്തിയിരുന്നു. കൊലപാതകം നടന്ന കിണാശ്ശേരി മമ്പ്രം, തത്തമംഗലം ഡ്രൈവിംഗ്് സ്‌കൂള്‍ ഗ്രൗണ്ട് പരിസരം, ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഉപേക്ഷിച്ച കണ്ണനൂര്‍ ദേശീയപാത സര്‍വീസ് റോഡ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ് നടന്നത്.
ഇയാള്‍ ഉള്‍പ്പെടെ 5 പേരാണ് സഞ്ജിത്തിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നത് എന്നാണ് കരുതുന്നത്.
കൊലപാതകത്തില്‍ അഞ്ച് പേരാണ് നേരിട്ട് പങ്കെടുത്തതെന്നും, കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൂടുതല്‍ പേരുടെ പങ്ക് വെളിപ്പെടാനുമുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍.