| Wednesday, 18th October 2023, 6:22 pm

മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥിന്റെ കൊലപാതകം; പ്രതികളെല്ലാം കുറ്റക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2008ല്‍ മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികളും കുറ്റക്കാരാണെന്ന് ദല്‍ഹി സാകേത് കോടതി കണ്ടെത്തി. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്.

ഹെഡ്ലൈന്‍സ് ടുഡേയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ 2008 സെപ്തംബര്‍ 30ന് ദല്‍ഹിയിലെ വസന്ത് വിഹാറില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തലക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മല്ലിക്, അക്ഷയ് കുമാര്‍ എന്നിവരെയാണ് കൊലപാതകത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മറ്റ് പ്രതികളെ സഹായിച്ചതിന് അഞ്ചാം പ്രതി അജയ് സേത്തിയും കുറ്റക്കാരനാണെന്ന് കണ്ടെത്തി.

മറ്റൊരു കൊലക്കേസ് അന്വേഷിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകയുടെ കേസിനെ സംബന്ധിച്ച് വഴിത്തിരിവ് ഉണ്ടാവുന്നത്.

ഐടി എക്‌സിക്യൂട്ടീവായ ജിഗിഷ ഘോഷിനെ ഫരീദാബാദില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. മരണവുമായി ബന്ധപ്പെട്ട് കപൂര്‍, ശുക്ല, മാലിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യം ചെയ്യലില്‍ സൗമ്യയുടെ കൊലപാതകവുമായി ഇവര്‍ക്കുള്ള ബന്ധം പൊലീസ് കണ്ടെത്തി. തുടര്‍ന്ന് രണ്ട് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (എം.സി.ഒ.സി.എ) പ്രകാരം പ്രതികള്‍ മോഷണത്തിലും കുറ്റക്കാരാണെന്ന് ദല്‍ഹി കോടതി കണ്ടെത്തി.

‘ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളെ നഷ്ടപ്പെട്ടു, എന്നാല്‍ ഇത് മറ്റുള്ള കുറ്റവാളികള്‍ക്ക് ഈ വിധി ഒരു പാഠമായിരിക്കും. കുറ്റവാളികള്‍ ജീവപര്യന്തം തടവ് അനുഭവിക്കണം,’വിധിക്ക് ശേഷം മാധ്യമങ്ങളോട് സൗമ്യയുടെ അമ്മ പറഞ്ഞു.

2009ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം മോഷണമാണെന്ന് ദല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു.

CONTENT HIGHLIGHTS: Murder of Journalist Soumya Viswanath; All the accused are guilty

We use cookies to give you the best possible experience. Learn more