ബിഹാറിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; നാല് പേര്‍ അറസ്റ്റില്‍
പട്‌ന: ബിഹാറിലെ അരാരിയയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചുകൊന്ന കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി ബിഹാര്‍ പൊലീസ്. ദൈനിക് ജാഗരണിലെ പത്രപ്രവര്‍ത്തകനായ വിമല്‍ കുമാര്‍ യാദവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളത് രണ്ട് പേര്‍ക്കാണെന്നും പൊലീസ് അറിയിച്ചു.
വിമലിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് നടപടി. എട്ട് പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2019ല്‍ വിമലിന്റെ സഹോദരനെ കൊലപ്പെടുത്തിയവര്‍ തന്നെയാണ് ഈ കേസിലെ പ്രതികള്‍. ആ സംഭവത്തിലെ ഏക സാക്ഷി വിമലായിരുന്നു. അതുകൊണ്ട് തന്നെ മൊഴി മാറ്റാന്‍ നിരന്തരം സമ്മര്‍ദമുണ്ടായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
അയല്‍ക്കാരുമായുള്ള പഴയ ശത്രുതയാണ് സംഭവത്തിന് കാരണമെന്നാണ് ബിഹാര്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. രണ്ട് വര്‍ഷം മുമ്പ് വിമലിന്റെ സഹോദരനും ഇതേ കാരണത്താലാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച പ്രതികള്‍ വിമലിനെ വീട്ടിലെത്തി വാതിലില്‍ മുട്ടി വിളിക്കുകയായിരുന്നുവെന്നും വാതില്‍ തുറന്നയുടനെ പ്രതികള്‍ നെഞ്ചില്‍ വെടിവെക്കുകയായിരുന്നുവെന്നും ബിഹാര്‍ പൊലീസ് പറഞ്ഞു.
CONTENT HIGHLIGHTS: Murder of Journalist in Bihar; Four people were arrested