| Friday, 14th June 2019, 5:03 pm

'സവര്‍ണജാതി'ക്കാര്‍ വെട്ടിക്കൊന്ന അശോകിന്റെ മൃതദേഹം സംസ്‌ക്കരിച്ചു; നാളെ രാജ്യവ്യാപക പ്രതിഷേധമെന്ന് ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുനെല്‍വേലി: തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ തൊട്ടുകൂടായ്മക്കെതിരെ സംസാരിച്ചതിന് ‘സവര്‍ണജാതിക്കാര്‍’ വെട്ടിക്കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറര്‍ അശോകിന്റെ (26) സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

ആശുപത്രിയില്‍നിന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, കേരള സംസ്ഥാന കമ്മിറ്റി ട്രഷറര്‍ എസ്.കെ സജീഷ്, തമിഴ്നാട് സംസ്ഥാന സെക്രട്ടറി എസ് ബാലവേലന്‍, പ്രസിഡന്റ് എന്‍ രജീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അശോകിന്റെ മൃതദേഹം ഏറ്റുവാങ്ങി. വിലാപയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.

കൊലപാതകത്തില്‍ ശനിയാഴ്ച ഡി.വൈ.എഫ്.ഐ രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു. ദലിതര്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങളെ സംബന്ധിച്ച് രാഷ്ട്രപതിക്കും മറ്റ് ഭരണാധികാരികള്‍ക്കും പരാതി നല്‍കുമെന്നും ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അറിയിച്ചു.

പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായത്. കൊലയാളികളെ ഉടന്‍ പിടികൂടണം. അശോകിന്റെ പരാതിയില്‍ അന്വേഷണം നടത്താതെ അനാസ്ഥ കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ദലിതര്‍ക്കെതിരെ നടത്തിയ ആക്രമണത്തിനും കേസ് എടുക്കണം. ഡി.വൈ.എഫ്.ഐ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

അശോകും സമുദായത്തിലെ ഭൂരിപക്ഷം പേരും ഗംഗൈകൊണ്ടാനിലുള്ള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ വ്യവസായ മേഖലയിലാണ് ജോലി ചെയ്യുന്നത്. ബുധനാഴ്ച്ച ജോലി കഴിഞ്ഞ് വരുന്ന വഴിയാണ് അശോകിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു.

സവര്‍ണ സമുദായമായ മരവാര്‍ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശത്തിനടുത്ത് കൂടെയാണ് ദളിത് സമുദായക്കാര്‍ക്ക് ജോലി സ്ഥലത്തേക്ക് പോവുന്ന വഴി. ജോലിക്ക് പോവുന്ന ദളിത് തൊഴിലാളികളെയും സ്ത്രീകളെയും സവര്‍ണര്‍ പലപ്പോഴും ആക്രമിക്കാറുണ്ട്. ഇതിനെതിരെ അശോകിന്റെ നേതൃത്വത്തിലുള്ള യുവജനങ്ങള്‍ എതിര്‍പ്പുന്നയിക്കാറുണ്ട്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

We use cookies to give you the best possible experience. Learn more