| Friday, 13th December 2024, 11:53 am

ഡോ.വന്ദനദാസിന്റെ കൊലപാതകം; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ട ഡോ. വന്ദനദാസിന്റെ കൊലപാതകത്തില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. ‘ജാമ്യത്തിന്റെ കാര്യത്തില്‍ ഉദാരസമീപനമാണ് കോടതി സ്വീകരിക്കുന്നത്’ എന്നാല്‍ ഈ കേസില്‍ ഇത് കഴിയില്ലെന്നും കോടതിയുടെ വിധിയില്‍ പറയുന്നു.

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ ഒരു മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്താന്‍ കോടതി സംസ്ഥാന സര്‍ക്കാരനോട് നിര്‍ദേശിച്ചിരുന്നു.

ഈ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സന്ദീപിന്റെ മാനസിക നിലയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നും മദ്യലഹരിയില്‍ ഉത്തമബോധ്യത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്നും കണ്ടെത്തുകയായിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാണ് കോടതി ജാമ്യഹരജി തള്ളിയത്.

താന്‍ മാനസികപ്രശ്‌നമുള്ള ആളാണെന്ന് സന്ദീപ് കോടതിയില്‍ വാദിച്ചെങ്കിലും അതിന് വിപരീതമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതും പ്രതിക്ക് തിരിച്ചടിയായി.

ഈ റിപ്പോര്‍ട്ടിനെ മറികടക്കാന്‍ എയിംസില്‍വെച്ച് മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ഈ ആവശ്യം നിരസിക്കുകയായിരുന്നു.

കൂടാതെ മദ്യപിച്ച് സ്ഥിരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സന്ദീരപിനെപ്പോലൊരാളെ പുറത്ത് വിട്ടാല്‍ അത് സമൂഹത്തിന് തന്നെ ഭീഷണിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

പ്രതിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്നും സംസ്ഥാനം കോടതിയെ ബോധിപ്പിക്കുകയുണ്ടായി. കൂടാതെ പ്രതിയെ പുറത്ത് വിടുന്നത് ആരോഗ്യപ്രവര്‍ത്തകരില്‍ ആശങ്ക വര്‍ധിപ്പിക്കുമെന്നും സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്.

2023ലാണ് ഡോ. വന്ദനദാസ് കൊല്ലപ്പെടുന്നത്. പുലര്‍ച്ചേ നാല് മണിയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ച അക്രമാസക്തനായ സന്ദീപ് ഡോക്ടര്‍ വന്ദനയെ കുത്തിക്കൊല്ലുകയായിരുന്നു. വന്ദനയുള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് കുത്തേറ്റത്. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം.

വന്ദനയെ കുത്തുന്നത് തടയാന്‍ ശ്രമിച്ചവര്‍ക്കും കുത്തേറ്റിരുന്നു. പൊലീസുകാരന്‍, സുരക്ഷാ ജീവനക്കാരന്‍, ആശുപത്രിയിലുണ്ടായിരുന്നൊരാള്‍ എന്നിവരെയും പ്രതി സന്ദീപ് കുത്തിപ്പരിക്കേല്‍പ്പിച്ചു.

Content Highlight: Murder of Dr. Vandanadas; The Supreme Court rejected the bail plea of ​​accused Sandeep

We use cookies to give you the best possible experience. Learn more