അരീക്കോട്: വിവാഹത്തലേന്ന് പെണ്‍കുട്ടി പിതാവിന്റെ കുത്തേറ്റു മരിച്ച സംഭവം ദുരഭിമാന കൊല തന്നെയാണെന്ന് മൊഴി. ആതിര (22) എന്ന പെണ്‍കുട്ടിയെ കുത്തിക്കൊന്ന പിതാവ് രാജന്‍ പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമായത്.
ദളിത് വിഭാഗത്തില്‍ പെട്ടയാള്‍ തന്റെ മകളെ വിവാഹം ചെയ്താല്‍ അത് കുടുംബത്തിന് അപമാനമാകുമെന്ന് കരുതിയിരുന്നുവെന്നാണ് രാജന്‍ പൊലീസിനോടു പറഞ്ഞത്. മദ്യലഹരിയിലാണ് താന്‍ മകളെ ആക്രമിച്ചതെന്നും മൊഴിയിലുണ്ട്. മലപ്പുറം ഡി.വൈ.എസ്.പിക്കു നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനൊണ്: ഇതര ജാതിയില്‍ പെട്ട യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. എന്നാല്‍ പിതാവ് രാജന് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. പ്രശ്‌നം പൊലീസ് സ്റ്റേഷനില്‍ എത്തുകയും പരിഹരിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍ മദ്യപിച്ച് വീട്ടില്‍ എത്തിയ രാജന്‍ ഇക്കാര്യത്തെ ചൊല്ലി ആതിരയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പിതാവില്‍ നിന്ന് രക്ഷപ്പെടാനായി ആതിര അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയും കട്ടിലിനടിയില്‍ ഒളിക്കുകയും ചെയ്തു. എന്നാല്‍ രാജന്‍ ആതിരയെ തെരഞ്ഞു പിടിച്ചു കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം രണ്ടു കത്തികളുമായി കുറ്റാരോപിതനായ രാജനെ പൊലീസ് പിടികൂടുകയായിരുന്നു.
ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിക്കുന്ന ബ്രിജേഷ് എന്ന യുവാവുമായാണ് ആതിര പ്രണയിത്തിലായിരുന്നത്. ഇവര്‍ തമ്മിലുള്ള വിവാഹം ഒരിക്കല്‍ കഴിഞ്ഞതാണെങ്കിലും ചടങ്ങുകള്‍ അനുസരിച്ച് കല്യാണം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ആതിര വീട്ടില്‍ തിരിച്ചെത്തിയത്.
ഡൂള്‍ന്യൂസ് വീഡിയോ സ്റ്റോറി കാണാം: വയല്‍ക്കിളികള്‍ ജീവിത സമരത്തിലാണ്