എ.ബി.വി.പി പ്രവര്‍ത്തകന്റെ കൊലപാതകം എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ പകപോക്കല്‍; സംഭവം സി.പി.ഐ.എമ്മിനുമേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ച് ബി.ജെ.പി
Political Murders
എ.ബി.വി.പി പ്രവര്‍ത്തകന്റെ കൊലപാതകം എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ പകപോക്കല്‍; സംഭവം സി.പി.ഐ.എമ്മിനുമേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ച് ബി.ജെ.പി
ജിന്‍സി ടി എം
Sunday, 21st January 2018, 12:05 am

കോഴിക്കോട്: കാക്കയങ്ങാട് സര്‍ക്കാര്‍ ഐ.ടി.ഐ വിദ്യാര്‍ഥി ശ്യാം പ്രസാദിന്റെ കൊലപാതകം ഒരാഴ്ച മുമ്പ് കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകനെതിരെ നടന്ന ആക്രമണത്തിന്റെ പ്രതികാരം. കണ്ണവം ചിറ്റാരിപ്പറമ്പ് മേഖലയിലുണ്ടായ സംഭവത്തിന്റെ പ്രതികാരമാണിതെന്ന് ശ്യാമപ്രസാദ് കൊല്ലപ്പെട്ട പ്രദേശമുള്‍ക്കൊള്ളുന്ന കൊളയാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. ഇത്തരമൊരു സംശയം നിലനില്‍ക്കുന്നതായി പേരാവൂര്‍ പൊലീസും ഡൂള്‍ന്യൂസിനോടു സ്ഥിരീകരിച്ചിട്ടുണ്ട്.

ജനുവരി 11 വൈകുന്നേരമാണ് കണ്ണവം കീഴക്കാലിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ ടി.പി അയൂബ് (22) ആക്രമിക്കപ്പെട്ടത്. കണ്ണവം ലത്തീഫിയ സ്‌കൂളിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസ് തടഞ്ഞുനിര്‍ത്തിയായിരുന്നു അയൂബിനെ ആക്രമിച്ചത്. ഈ സംഭവത്തില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട ശ്യാം പ്രസാദിന് പങ്കുള്ളതായി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നതായും സുരേഷ് കുമാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

എസ്.ഡി.പി.ഐ പ്രവര്‍ത്തകനെതിരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമാണിതെന്നാണ് പൊലീസില്‍ നിന്നു ലഭിച്ച വിവരമെന്ന് ഈ മേഖലയിലെ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ ഷിജോയും ഡൂള്‍ന്യൂസിനോടു പറഞ്ഞു. എന്നാല്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട ശ്യാം പ്രസാദിനെതിരെ കേസൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പിടിയിലായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ സമീര്‍, മുഹമ്മദ്, ഹാഷിം, സലീം എന്നിവര്‍

കേസുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞദിവസം നാലുപേരെ അറസ്റ്റു ചെയ്തിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു. മീന്‍ കച്ചവടക്കാരനായ മുഴുക്കുന്ന് പാറകണ്ടത്തില്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ്, ലോഡിങ് തൊഴിലാളിയായ മുഴുക്കുന്ന് പാറക്കണ്ടത്തില്‍ മിനിക്കേല്‍ വീട്ടില്‍ സലീം, നീര്‍വേലി അളകാപുരം സമീറ മന്‍സിലിലെ അമീര്‍, കാറ്ററിങ് തൊഴിലാളിയായ കീഴലൂര്‍ പാലയോട് തെക്കയില്‍ വീട്ടില്‍ ഷഹീം എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ മുഹമ്മദ് സി.പി.ഐ.എം കാക്കയങ്ങാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നാരോത്ത് ദിലീപന്‍ വധക്കേസില്‍ പ്രതിയായിരുന്നു.

ഇവര്‍ക്കുമാത്രമാണ് കൃത്യത്തില്‍ നേരിട്ടു പങ്കുള്ളതെന്ന് പേരാവൂര്‍ പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഇന്നുവൈകുന്നേരത്തോടെ ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട ശ്യാമപ്രസാദിന്റെ വീടിന് അടുത്താണ് ആക്രമിക്കപ്പെട്ട അയൂബിന്റെ വീട്. ശ്യാമപ്രസാദിനെതിരെ നേരത്തെയും പല കേസുകളും ഉണ്ടായിരുന്നതായും സുരേഷ് കുമാര്‍ പറയുന്നു.

രാഷ്ട്രീയ സംഘര്‍ഷം പതിവ്

ഈ മേഖലയില്‍ ഇത്തരം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവാണെന്നാണ് ഷിജോ പറയുന്നത്. “കണ്ണവത്തിനും പേരാവൂരിനുമൊക്കെ ഇടയില്‍ അടുത്തിടെ ചില അക്രമസംഭവങ്ങള്‍ നടന്നിരുന്നു. രണ്ടാഴ്ച മുമ്പ് ഒരു ദിവസം അഞ്ചുപേര്‍ക്ക് വെട്ടേറ്റ സംഭവം വരെ നടന്നിരുന്നു. ഇവിടെ കുറച്ചായി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ്.” അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രീയ അക്രമം നടക്കുക, അതിന് പ്രതികാരമെന്നോണം മറ്റൊരു അക്രമം നടക്കുകയെന്ന രീതിയാണ് കുറച്ചുകാലമായി ഇവിടെ നിലനില്‍ക്കുന്നത്. ഇപ്പോള്‍ നടന്ന കൊലപാതകത്തിനും വരുംദിവസങ്ങളില്‍ പ്രതികാര നടപടിയുണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസികളെന്നും അദ്ദേഹം പറഞ്ഞു.

Image may contain: 1 person, beard and outdoor

ശ്യാംപ്രസാദ്

 

ഏതാണ്ട് ഒരുവര്‍ഷം മുമ്പ് ഇവിടെ നടന്ന ഒരു കൊലപാതകത്തില്‍ ശ്യാം പ്രസാദിന് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണവും ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെന്ന് ഷിജോ പറയുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ശ്യാം പ്രസാദിനെതിരെ എഫ്.ഐ.ആറൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പൊലീസില്‍ നിന്നു ലഭിക്കുന്ന വിവരം.

അതുപോലെ രണ്ടുവര്‍ഷം മുമ്പ് ചിറ്റാരിപ്പറമ്പില്‍ സി.പി.ഐ.എം പ്രവര്‍ത്തകനായ ഒ. പ്രേമന്റെ കൊലപാതകത്തിലും ഇയാള്‍ക്ക് പങ്കുള്ളതായി ആരോപണമുണ്ടെന്ന് സുരേഷ് കുമാര്‍ പറയുന്നു.

ശ്യാം പ്രസാദിന്റെ കൊലപാതകത്തിനു പിന്നാലെയും പ്രദേശത്ത് അക്രമ സംഭവങ്ങളുണ്ടായതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ശ്യാം പ്രസാദിന്റെ വീടിന് സമീപത്തുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ നാല് വീടുകള്‍ ഈ സംഭവത്തിനു പിന്നാലെ ആക്രമിക്കപ്പെട്ടെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചയുമായാണ് ആക്രമണം നടന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് പേരാവൂര്‍ പൊലീസ് പറഞ്ഞത്.

“പേരാവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ അങ്ങനെയൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. മറ്റുള്ള സ്‌റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. ” പൊലീസ് പറഞ്ഞു.

ശ്യാം പ്രസാദിന്റെ കൊലപാതകത്തെതുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിലും ചെറിയ സംഘര്‍ഷങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഹര്‍ത്താലിനിടെ കണ്ണൂര്‍ താഴെ ചൊവ്വയില്‍ ബി.ജെ.പി സി.പി.ഐ.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. സഹകരണബാങ്ക് നീതി സ്റ്റോര്‍ അടപ്പിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികളെത്തിയതാണ് സംഘര്‍ഷത്തിനു വഴിവെച്ചത്. സ്‌റ്റോറിലെ സാധന സാമഗ്രികള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

സി.പി.ഐ.എമ്മിനുമേല്‍ കെട്ടിവെയ്ക്കാനുള്ള ശ്രമം നടക്കുന്നെന്ന് ആക്ഷേപം

ശ്യാമ പ്രസാദിന്റെ വധവും സി.പി.ഐ.എമ്മിനുമേലാക്കി ബി.ജെ.പി പ്രചരണം നടത്താന്‍ ശ്രമിക്കുന്നതായി സോഷ്യല്‍ മീഡിയകളില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ബി.ജെ.പി കേരളം എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ട്വീറ്റും ബി.ജെ.പി മുഖപത്രങ്ങളിലെ വാര്‍ത്തകളുമാണ് ഇത്തരമൊരു ആരോപണത്തിനു വഴിവെച്ചിരിക്കുന്നത്.

“ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിക്കൊണ്ട് കണ്ണൂരില്‍ വീണ്ടും മാര്‍ക്‌സിസ്റ്റ് ജിഹാദി തീവ്രവാദം. കോളജില്‍ നിന്നും വീട്ടിലേക്കു വരുംവഴി ശ്യാമപ്രസാദ് എന്ന ഐ.ടി.ഐ വിദ്യാര്‍ഥി കൊല്ലപ്പെട്ടു” എന്നര്‍ത്ഥം വരുന്ന കുറിപ്പാണ് ബി.ജെ.പി കേരളം പോസ്റ്റു ചെയ്തത്. ഇംഗ്ലീഷിലുള്ള ഈ കുറിപ്പ് ദേശീയ തലത്തില്‍ ഈ കൊലപാതകവും സി.പി.ഐ.എമ്മിനെതിരെ കെട്ടിവെയ്ക്കാനുളള ബി.ജെ.പി ശ്രമമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

“എപ്പോഴാണ് എസ്.ഡി.പി.ഐ മാര്‍ക്‌സിസ്റ്റ് ആയത്? എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് അവരുടെ പേര് പറയാന്‍ പേടി?” എന്നാണ് ഈ ട്വീറ്റിനോടു പ്രതികരിച്ചുകൊണ്ടുള്ള ഒരു ട്വീറ്റ്. “നാലുപേരെ അറസ്റ്റു ചെയ്തിട്ടും ആരാണ് കൊന്നതെന്ന് പറയാനുള്ള ധൈര്യം നിങ്ങള്‍ക്കില്ലേ..”യെന്നും ചിലര്‍ ചോദിക്കുന്നു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ട്വീറ്റിലും എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് പരാമര്‍ശിച്ചിരുന്നില്ല. ” ഷോക്കിങ്, ആര്‍.എസ്.എസ് കാര്യവാഹകും എ.ബി.വി.പി നേതാവുമായ ശ്യാം പ്രസാദ് കണ്ണൂരില്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു.” എന്നാണ് കുമ്മനം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനു കീഴിലും “എന്തുകൊണ്ട് നിങ്ങള്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്ന് പറയുന്നില്ല ” എന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

“കൊന്നവരെ കസ്റ്റഡിയില്‍ എടുത്തിട്ടും എന്തെ ആ പാര്‍ട്ടിയുടെ പേര് പറയാത്തെ ശേഖരേട്ടാ..” എന്നാണ് ഒരാള്‍ കുമ്മനത്തിന്റെ പോസ്റ്റിനു കീഴില്‍ കുറിച്ചത്.

എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞിട്ടും ബി.ജെ.പി അവരുടെ പേര് പരാമര്‍ശിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചതിനു പിന്നാലെ ശനിയാഴ്ച ഉച്ചയോടെയാണ് കുമ്മനം എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കൊലയ്ക്കു പിന്നില്‍ എന്ന് വ്യക്തമാക്കുന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്.

“എ.ബി.വി.പി പ്രവര്‍ത്തകനായ ശ്യാമിന്റെ കൊലപാതകത്തില്‍ ജിഹാദി സംഘടനയില്‍പ്പെട്ട നാലുപേരെ അറസ്റ്റു ചെയ്തു. കണ്ണൂരില്‍ നിന്നും ഐ.എസ് റിക്രൂട്ട് ചെയ്തയാള്‍ സിറിയയില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേരളീയ സമൂഹത്തിന്റെ സമാധാനത്തിന് ഈ ജിഹാദി ഭീകരതയും ഇടതുഭീകരതയും എത്രത്തോളം അപകടകരമാണെന്ന് ഓര്‍ക്കുന്നതുതന്നെ ഞെട്ടലുണ്ടാക്കുന്നു.” എന്നായിരുന്നു കുമ്മനം ശനിയാഴ്ച ട്വീറ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രിയോടെ പൊലീസ് നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നിരിക്കെ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കുമ്മനം ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി ട്വീറ്റു ചെയ്തത്.

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റിന്റെ വിശദീകരണം

ആര്‍.എസ്.എസ് കണ്ണവം ശാഖാ മുഖ്യശിക്ഷക് എസ്.ഡി.പി.ഐക്കാരാല്‍ കൊല ചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് നേതൃത്വം നടത്തുന്ന പ്രചരണം അപഹാസ്യമാണെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റ് പറഞ്ഞു. കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ അയൂബിനെ സ്‌കൂള്‍ ബസ് തടഞ്ഞു നിര്‍ത്തി ചിറ്റാരിപ്പറമ്പില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ ആക്രമണമെന്ന് പറയപ്പെടുന്നു.

സി.പി.ഐ.എമ്മും എസ്.ഡി.പി.ഐയും സയാമീസ് ഇരട്ടകളെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പ്രസ്താവനയുടെ പൊരുള്‍ എല്ലാവര്‍ക്കുമറിയാം. മാസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരില്‍ ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന സുശീല്‍കുമാര്‍ മൃഗീയമായി ആക്രമിക്കപ്പെട്ടപ്പോള്‍ അത് സി.പി.ഐ.എമ്മിന്റെ ചുമലില്‍ കെട്ടിവെക്കുകയാണ് ആര്‍.എസ്.എസ് ചെയ്തത്.എന്നാല്‍ എസ്.ഡി.പി.ഐ ക്കാരുടെ ആക്രമണത്തിലായിരുന്നു സുശീല്‍ കുമാറിന് പരിക്കേറ്റതെന്ന് പിന്നീട് വ്യക്തമായി.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായിരുന്ന പുന്നാട്ടെ മുഹമ്മദിനെ പുലര്‍ച്ചെ സുബഹ് നിസ്‌കാരത്തിനായി പോകുന്നതിനിടയിലാണ് ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. അതിനെ തുടര്‍ന്ന് ആര്‍.എസ്.എസ് ജില്ലാ ബൗദ്ധിക് പ്രമുഖും ഹിന്ദു ഐക്യവേദി നേതാവുമായിരുന്ന അശ്വിനികുമാറിനെ പുന്നാട് വെച്ച് ബസ്സില്‍ നിന്നിറക്കി എസ്.ഡി.പി.ഐ ക്കാര്‍ കൊലപ്പെടുത്തി.

ഇതിന്റെ തുടര്‍ച്ചയായി ഇരിട്ടി,പുന്നാട് മേഖലയില്‍ നിരവധി വീടുകളും കടകളും വാഹനങ്ങളും, തകര്‍ക്കുകയുണ്ടായി. 103 വീടുകള്‍ കൊള്ളയടിച്ചു. 40 വീടുകള്‍ അഗ്‌നിക്കിരയാക്കി. ഇരിട്ടി,പേരാവൂര്‍,മട്ടന്നൂര്‍ നഗരങ്ങളില്‍ 18 കട കമ്പോളങ്ങളും ആക്രമിച്ച് കൊള്ളയടിച്ചു. 812 പവന്‍ സ്വര്‍ണ്ണം വിവിധ വീടുകളില്‍ നിന്ന് കവര്‍ച്ച ചെയ്തതായി പിന്നീട് തെളിഞ്ഞു.

ഈ സംഭവങ്ങളുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ കുറച്ച് കാലത്തിന് ശേഷം ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ മധ്യസ്ഥ ചര്‍ച്ചകളിലൂടെ പിന്‍വലിക്കപ്പെട്ടു.ഇതിലൂടെ ആര്‍.എസ്.എസ് നേതൃത്വം കോടികള്‍ സമ്പാദിച്ചതും സ്വത്ത് വകകള്‍ ആര്‍ജ്ജിച്ചതും ചുറ്റുവട്ടത്ത് കണ്ണോടിച്ചാല്‍ കാണാനാകും.

ഏറെ വിവാദമായ തലശേരിയിലെ ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് സംഭവത്തില്‍ പങ്കെടുത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തന്നെ വെളിപ്പെടുത്തിയിട്ടും ആര്‍.എസ്.എസോ എസ്.ഡി.പി.ഐയോ ഇതിനെ കുറിച്ച് യാതൊന്നും പ്രതികരിക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന് നാട്ടിലെ ജനങ്ങള്‍ക്കറിയാം.

സി.പി.ഐ.എമ്മിന് നേരെ മാത്രമല്ല സമീപ നാളുകളിലായി ആര്‍.എസ്.എസ് ആക്രമണത്തിന്റെ ഒരു പുതിയ മുഖം തന്നെ തുറക്കുകയാണ്.എസ്.ഡി.പി.ഐകാരോട് മൃദു സമീപനമാണ് ആര്‍.എസ്.എസ് സ്വീകരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കണ്ണവത്ത് സ്വന്തം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും ഉത്തരവാദികളായ എസ്.ഡി.പി.ഐക്കാരുടെ പേര് പറയാന്‍ പോലും ആര്‍.എസ്.എസ് നേതൃത്വം മടിച്ചു നില്‍ക്കുന്നത് എന്ത് കൊണ്ടാണെന്ന് അവര്‍ വ്യക്തമാക്കണം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പോലും കൊലയാളികളുടെ പേര് പറയാന്‍ തയ്യാറായിട്ടില്ല.

കൊലപാതകത്തെ തുടര്‍ന്ന് കണ്ണവത്തെ മുസ്‌ലിം വീടുകള്‍ ആക്രമിച്ച് കൊള്ളയടിക്കാനും ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷത്തെ ഹിന്ദു-മുസ്ലിം സംഘര്‍ഷമാക്കാനുമാണിപ്പോള്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും സി.പി.ഐ.എം പറയുന്നു

കണ്ണൂരില്‍ നടക്കുന്നത് സി.പി.ഐ.എം പിന്തുണയോടെയുള്ള തീവ്രവാദമാണെന്നാണ് കുമ്മനം രാജശേഖരന്‍ പിന്നീട് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്. ഐ.എസ് ഭീകരപ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്നും തീവ്രവാദം ഏറ്റവും ശക്തമായി നടക്കുന്ന ജില്ല കണ്ണൂരാണെന്നും കുമ്മനം ആരോപിച്ചു. എസ്.ഡി.പി.ഐ എന്ന സംഘടനയെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണവം മേഖലയില്‍ ആക്രമിക്കപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകള്‍

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ശ്യാം പ്രസാദിനുനേരെ ആക്രമണമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശ്യാം പ്രസാദിനെ കാറില്‍ പിന്തുടര്‍ന്നെത്തിയ മുഖംമൂടി സംഘം ഇടിച്ചുവീഴ്ത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് റോഡില്‍ വീമ ശ്യാം പ്രസാദ് ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വീടിന്റെ വരാന്തയില്‍വെച്ച് അക്രമസംഘം വെട്ടുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് അക്രമികള്‍ പിന്തിരിഞ്ഞത്. തുടര്‍ന്ന് കൊമ്മേരിയില്‍ നിന്നും നെടുംപൊയില്‍ ഭാഗത്തേക്ക് രക്ഷപ്പെട്ട ഇവരെ പേരാവൂര്‍ സി.ഐ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. വയനാട് തലപ്പുഴയില്‍ വെച്ചാണ് പ്രതികളെ കസ്റ്റിഡിയിലെടുത്തത്.

ആക്രമണത്തില്‍ ശ്യാം പ്രസാദിന്റെ തലയ്ക്കും കൈക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കൂത്തുപറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാര്‍ത്ഥിയായ ശ്യാം പ്രസാദ് ആര്‍.എസ്.എസ് കണ്ണവം 17ാം മൈല്‍ ശാഖാ മുഖ്യശിക്ഷകാണ്.

 

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കണ്ണൂര്‍ നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. 2000ത്തിനുശേഷം ഇവിടെ ഏറ്റവും കുറഞ്ഞത് 45 സി.പി.ഐ.എം പ്രവര്‍ത്തകരും 44 ബി.ജെ.പി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്.

കണ്ണൂരിലെ രാഷ്ട്രീയസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.ഐ.എമ്മിനെതിരെ ബി.ജെ.പി ദേശീയ തലത്തില്‍ വലിയ തോതിലുളള പ്രചരണങ്ങള്‍ നടത്തിയിരുന്നു. സി.പി.ഐ.എം കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം. ഇതിനു പുറമേ കേരളത്തില്‍ അക്രമസംഭവങ്ങള്‍ വര്‍ധിക്കുകയാണെന്നും സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ച് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ കേരളത്തിന് കളങ്കമുണ്ടാക്കാനുള്ള ബി.ജെ.പി ആര്‍.എസ്.എസ് ഗൂഢാലോചനയുടെ ഭാഗമാണ് വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്. കണ്ണൂരില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് സി.പി..ൈഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അടുത്തിടെ പറഞ്ഞിരുന്നു. കുമ്മനം രാജശേഖരന്‍ മട്ടന്നൂരിലെ ബി.ജെ.പി ഓഫീസ് സന്ദര്‍ശിച്ചതിനു പിന്നാലെ മട്ടന്നൂരില്‍ ബി.ജെ.പി-സി.പി.ഐ.എം സംഘര്‍ഷത്തില്‍ രണ്ടു സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.