തിരുവനന്തപുരം: തമിഴ്‌നാട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ വില്‍സണെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി. കേസില്‍ പ്രതി ചേര്‍ത്ത അബ്ദുല്‍ ഷെമിം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് തമിഴ്‌നാട് പൊലീസ് യു.എ പി.എ ചുമത്തിയത്.
ഇവര്‍ക്ക് പൊലീസ് തീവ്രവാദി ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് നടപടി. എന്നാല്‍ പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ തീവ്രവാദബന്ധം സംബന്ധിച്ച് വിശദവിവരങ്ങള്‍ ഇല്ല.
അബ്ദുള്‍ ഷമീമിന്റെയും തൗഫീഖിന്റെയും സംഘത്തില്‍പ്പെട്ടവരെ ഡല്‍ഹിയിലും ബെംഗളുരുവിലുമായി പൊലീസ് പിടികൂടിയിരുന്നു. ഇതിനുള്ള പ്രതികാരമെന്ന നിലയില്‍ പൊലീസുകാരനെ കൊല്ലണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചു. പരിചയമുള്ള പ്രദേശമെന്ന നിലയിലാണ് കളിയിക്കാവിള തിരഞ്ഞെടുത്തതെന്നും പ്രതികള്‍ വിശദീകരിച്ചതായും കന്യാകുമാരി എസ്. പി കെ.കെ. ശ്രീനാഥ് മാധ്യമങ്ങളോട് പറഞ്ഞത്.
ഐ.എസ് ബന്ധമുണ്ടെന്ന കരുതുന്ന ചിലരുമായി മുഹമ്മദ് ഷെമീമിനും അടുപ്പം ഉണ്ടെന്നാണ് പ്രതികളെ പിടികൂടിയ ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത്.