കൊച്ചി: കൊച്ചിയില്‍ ലാത്വിയന്‍ സ്വദേശിനിയുടെ കൊലപാതകത്തില്‍ വിചാരണ 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം പ്രിന്‍പ്പല്‍ സെഷന്‍സ് കോടതിക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം ഹൈക്കോടതി കൈമാറിയത്.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സംഭവം നടന്ന് 3 വര്‍ഷം കഴിഞ്ഞിട്ടും കേസിലെ വിചാരണ പൂര്‍ത്തിയാവാതായതോടെ യുവതിയുടെ സഹോദരി കേരളത്തിലെത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
സംഭവം നടന്ന് ഇത്രയും വര്‍ഷങ്ങളായിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതായതോടെയാണ് യുവതിയുടെ സഹോദരി കേരളത്തിലേക്ക് തിരിച്ചെത്തിയത്.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് സഹോദരിക്ക് നീതി ലഭിച്ചില്ലെന്നും വിചാരണ തുടങ്ങി സഹോദരിക്ക് നീതി ഉറപ്പാക്കിയിട്ടെ നാട്ടിലേക്ക് തിരിച്ചുപോവുവെന്നും യുവതിയുടെ സഹോദരി പറഞ്ഞു.
2018 മാര്‍ച്ചിലാണ് വിദേശ യുവതി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. യുവതിയെ പീഡിപ്പിച്ച ശേഷം കോവളത്തെ കുറ്റിക്കാട്ടില്‍ തള്ളിയ ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഉമേഷ്, ഉദയന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.