റാഞ്ചി: ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ടക്കൊലക്കേസില്‍ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയ കൊലപാതകക്കുറ്റം പൊലീസ് പുനഃസ്ഥാപിച്ചു. ജൂലൈ 29-നു സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒഴിവാക്കിയ ഐ.പി.സി 302 വകുപ്പാണ് ഇപ്പോള്‍ പൊലീസ് വീണ്ടും ചേര്‍ത്തിരിക്കുന്നത്.
ജൂണ്‍ 17-നാണ് തബ്രീസ് അന്‍സാരിയെന്ന മുസ്‌ലിം യുവാവിനെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നീ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കാനായി ആള്‍ക്കൂട്ടം ഏഴുമണിക്കൂറോളം കെട്ടിയിട്ട് തല്ലിയത്.
അഞ്ചുദിവസത്തിനുശേഷം പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയിലിരിക്കെയാണ് അന്‍സാരി മരിക്കുന്നത്. ജാര്‍ഖണ്ഡിലെ സെരായ്കേല ഖര്‍സാവനില്‍ വെച്ചാണ് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദ്ദനം ആരംഭിക്കുന്നത്.
കേസില്‍ 11 പ്രതികളാണുള്ളത്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സി.ബി.ഐക്ക് അന്വേഷണം കൈമാറണമെന്നും അന്‍സാരിയുടെ ഭാര്യ ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല.
രണ്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളിലും ഹൃദയാഘാതം മൂലമാണു മരണമെന്നാണു പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിയമോപദേശം സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ജൂലായില്‍ വന്ന ആദ്യ റിപ്പോര്‍ട്ടില്‍ തലയോട്ടിയിലെ പരിക്കിനെക്കുറിച്ച് കൃത്യമായി ഡോക്ടര്‍മാര്‍ കാര്യമായൊന്നും പറഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് രണ്ടാമതും പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടിവന്നത്.
തല പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു അന്‍സാരിയെന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പരാതിയില്‍ പറഞ്ഞിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.