| Thursday, 1st July 2021, 8:07 am

അമ്മിക്കല്ലുകൊണ്ട് സുഹൃത്തിനെ തലക്കടിച്ച് കൊന്ന കേസ്; 8 വര്‍ഷത്തിന് ശേഷം പ്രതി പൊലീസ് പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഉറങ്ങിക്കിടന്ന സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍.

പത്തനാപുരം സ്വദേശി പ്രമോദിനെയാണ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്.

പത്തനാപുരം കണ്ടല്ലൂര്‍ സ്വദേശി ഇര്‍ഷാദ് മുഹമ്മദ്(24) ആയിരുന്നു കൊല്ലപ്പെട്ടത്. 2013 ജൂണ്‍ 27നായിരുന്നു കൊലപാതകം.

ജൂണ്‍ 27 ന് രാത്രി ചാരുംമൂടിനു സമീപം ഇര്‍ഷാദ് താമസിച്ചിരുന്ന വാടക വീട്ടില്‍ വെച്ചായിരുന്നു സംഭവം.

വാടക വീട്ടില്‍ താമസിച്ചിരുന്ന ഇവര്‍ 2013 ജൂണ്‍ 27ന് പ്രമോദ് കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ വിറ്റ് ബാറില്‍ പോയി മദ്യപിച്ചു. രാത്രിയോടെ മടങ്ങിയെത്തിയ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

തമ്മില്‍ തല്ലുണ്ടാവുകയും പിന്നീട് ഉറങ്ങിക്കിടന്ന ഇര്‍ഷാദിനെ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന അര കല്ലെടുത്ത് പ്രമോദ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൃത്യം നടത്തിയതിനു ശേഷം പ്രതി രാത്രി തന്നെ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മൂന്നാം ദിവസം വീട്ടുടമ വീട്ടിലെത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

സംഭവ ദിവസം ഇര്‍ഷാദിനൊപ്പം വാടക വീട്ടില്‍ കണ്ട അപരിചിതനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. സമീപമുള്ള ബാറിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പത്തനാപുരം സ്വദേശി പ്രമോദാണ് ഇര്‍ഷാദിനൊപ്പം വാടക വീട്ടിലുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയത്.

ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും പൊലീസ് അന്വേഷണത്തില്‍ ബുദ്ധിമുട്ടുണ്ടാക്കി. പ്രമോദാണ് കൊലയ്ക്ക് പിന്നിലെന്ന് ക്രൈം ബ്രാഞ്ചിന് ഉറപ്പായതോടെ മുമ്പ് ജോലി ചെയ്തിരുന്ന കണ്ണൂര്‍, കിളിമാനൂര്‍, ചടയമംഗലം തുടങ്ങിയ ക്വാറികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്തിയില്ല. തുടര്‍ന്ന് ഇയാളുടെ ഫോട്ടോ പതിച്ച നോട്ടീസുകള്‍ കേരളത്തിനകത്തും പുറത്തും പതിച്ചു.

തമിഴ്‌നാട്ടിലുള്ള ബന്ധുവിനെ ചോദ്യം ചെയ്തതോടെ പ്രമോദ് ചെന്നൈയിലുള്ളതായി അറിഞ്ഞു. നിരന്തരമായ അന്വേഷണത്തിനൊടുവില്‍ തിരുപ്പൂരില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Murder Case, Defendant arrested 8 years later

We use cookies to give you the best possible experience. Learn more