മലപ്പുറം: മുരളിയുടെ ഭൂമിക്കും വീടിനും വേണ്ടിയുള്ള സമരത്തില്‍ നോവും വേദനയും കലര്‍ന്ന ഒരു കഥയുണ്ട്. കേരളത്തില്‍ തൊഴിലിന് വേണ്ടി എത്തിയ എല്ലാ ഇതരസംസ്ഥാനക്കാര്‍ക്കും ഒരു പക്ഷേ ഇത്തരത്തില്‍ പല കഥകളുണ്ടാവും.
അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുരളിയുടെ കുടുംബം തൊഴില്‍ തേടി മലപ്പുറം ജില്ലയിലെ തെന്നലയില്‍ എത്തുന്നത്. സമൂഹം അവരെ നാടോടികള്‍ എന്ന് വിളിച്ചു. തൊഴില്‍ തേടിയും തലചായ്ക്കാന്‍ ഇടം തേടിയും അവര്‍ നാടുനീളെ അലഞ്ഞു. പകല്‍ സമയങ്ങളില്‍ കോഴിച്ചെനയിലെ കണ്ടംചെന മൈതാനത്ത് ടെന്റുകെട്ടി അതില്‍ ഭക്ഷണവും വെച്ച് കൂടി. രാത്രികാലങ്ങളില്‍ കൂടുതല്‍ “സുരക്ഷിതമായ” പീടികത്തിണ്ണകളില്‍ തലചായ്ച്ചു.
മുരളിയുടെ അമ്മമ്മയെ ഒരുപക്ഷേ അത്ര പെട്ടെന്നൊന്നും കേരളം മറക്കാന്‍ ഇടയില്ല. കൊപ്പമ്മയെന്നാണ് അവരുടെ പേര്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെന്നല പൂക്കിപ്പറമ്പ് ചെന്നിയൂര്‍ പരിസരത്ത് മനോനില തെറ്റിയ നിലയില്‍ അലഞ്ഞുനടന്ന സ്ത്രീ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
Read | ഭൂമിക്കും വീടിനും വേണ്ടി സമരം ചെയ്തു: അധികൃതര്‍ നടപടിയെടുത്തില്ല; യുവാവ് ആത്മഹത്യ ചെയ്തു
ആ പെണ്‍കുഞ്ഞിനെ തെരുവില്‍ അനാഥയാക്കി അവര്‍ ഒരു അപകടത്തില്‍ മരിച്ചു. മനോനില തെറ്റി അലഞ്ഞു നടന്ന അവരുടെ ഗര്‍ഭപാത്രത്തിലേക്ക് പെണ്‍കുഞ്ഞിനെ നല്‍കിയത് ഒരു മലയാളിയാണ്. എന്നിട്ടും ആ കുഞ്ഞിനെ സമൂഹം നാടോടി എന്ന് വിളിച്ചു.
അനാഥയായി തെരുവില്‍ അലഞ്ഞ ആ കുഞ്ഞിനെയാണ് കൊപ്പമ്മ എടുത്ത് വളര്‍ത്തിയത്. അവര്‍ ആ കുഞ്ഞിനെ ശ്രീദേവിയെന്ന് വിളിച്ചു. തെരുവില്‍ തൊഴിലെടുത്തും കടത്തിണ്ണയില്‍ ഉറങ്ങിയും ശ്രീദേവി സ്‌കൂളില്‍ പോയി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രദേശവാസിയായ കുഞ്ഞുകുട്ടി തെന്നല ഓര്‍ക്കുന്നു.
അന്ന് മാധ്യമങ്ങളില്‍ അത് വലിയ വാര്‍ത്തയായിരുന്നു. നടന്‍ സുരേഷ് ഗോപി ശ്രീദേവിയുടെ പഠനച്ചെലവുകള്‍ ഏറ്റെടുത്തു. ശ്രീദേവി ഇന്ന് കുടുംബവുമൊത്ത് പാലക്കാട് താമസിക്കുന്നു.
കൊപ്പമ്മയുടെ മറ്റൊരു മകളുടെ മകനാണ് മുരളി. 2015ല്‍ പൂക്കിപ്പറമ്പില്‍ വച്ച് ശ്രീദേവിക്കും കുടുംബത്തിനും തെന്നല പഞ്ചായത്ത് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ വച്ചാണ് അധികാരികള്‍ മുരളിക്കും കുടുംബത്തിനും വീട് നല്‍കാം എന്ന വാഗ്ദാനം നല്‍കുന്നത്.
സ്വന്തമായി തിരിച്ചറിയല്‍ രേഖകളോ റേഷന്‍ കാര്‍ഡോ ഇല്ലാത്ത ഇവര്‍ക്ക് സര്‍ക്കാരിന്റെ ആശ്രയം പദ്ധതിയില്‍ വീടും സ്ഥലവും നല്‍കാം എന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ വാഗ്ദാനം.
പൊലീസിന്റെ നിരന്തരമായ ഉപദ്രവം കാരണവും നാലു പിഞ്ചുമക്കള്‍ക്കും ഭാര്യക്കും സുരക്ഷിതത്വം ഒരുക്കണം എന്ന ആഗ്രഹത്താലും മുരളി 2015 മുതല്‍ പഞ്ചായത്തോഫീസ് കയറിയിറങ്ങി.
അധികൃതര്‍ ഇന്ന് തരാം നാളെ തരാം എന്ന് പറഞ്ഞതല്ലാതെ ഒരു തീരുമാനവും ഉണ്ടായില്ല.
അതേസമയം, ഇത്തരത്തില്‍ വീടും സ്ഥലവും ഇല്ലാത്ത അഞ്ചു പേര്‍ക്ക് പഞ്ചായത്ത് ആശ്രയം പദ്ധതിയിലൂടെ വീട് അനുവദിക്കുകയും ചെയ്തു. ഇത് മുരളിയില്‍ കടുത്ത മനോവിഷമം ഉണ്ടാക്കിയതായി സാമൂഹിക പ്രവര്‍ത്തകന്‍ കുഞ്ഞുകുട്ടി തെന്നല പറഞ്ഞു. പഞ്ചായത്ത് മുരളിയെ പറഞ്ഞ് പറ്റിക്കുകയാണ് എന്ന തോന്നലു കൊണ്ടാവാം ആ ചെറുപ്പക്കാരന്‍ ജീവനൊടുക്കിയതെന്ന് കുഞ്ഞുകുട്ടി പറയുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ മഴയത്ത് കുട്ടികളെയും കൂട്ടി മുരളി സമരം നടത്തിയിരുന്നു. “ഇത്രയും സങ്കടപ്പെട്ട് ഈ ലോകത്ത് ഞാന്‍ കരഞ്ഞിട്ടില്ല. മരിക്കേണ്ടി വന്നാലും സങ്കടമില്ല. ഞാന്‍ ചത്താലെങ്കിലും എന്റെ കുടുംബത്തിന് വീടു കിട്ടുമെങ്കില്‍ ആയിക്കോട്ടെ. എനിക്ക് വീടുവേണം.” എന്നാണ് മുരളി പറഞ്ഞത്.
മുരളി മരിക്കുന്നതിന്റെ തലേ ദിവസം സ്ഥലത്തെ അല്‍ജിബ്ര ക്ലബ്ബുകാര്‍ മുരളിയേയും കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നു. ഓടകളോട് ചേര്‍ന്ന് കടത്തിണ്ണയിലായിരുന്നു അവരുടെ കിടത്തം. ആറുമാസം പ്രായമായ കുഞ്ഞിന്റെ മുഖം കൊതുകു കടിയേറ്റ് വീര്‍ത്തിരുന്നു. “എനിക്ക് പൈസ തരാനാണ് നിങ്ങള്‍ വന്നതെങ്കില്‍ എനിക്കത് വേണ്ട. എന്റെ കുട്ടികള്‍ക്കും ഭാര്യക്കും സുരക്ഷിതമായി കിടന്നുറങ്ങണം.” മുരളി നാട്ടുകാരോട് പറഞ്ഞു.
ഇതിന്റെ പിറ്റേ ദിവസമാണ്, ഭൂമിക്ക് വേണ്ടിയുള്ള തന്റെ സമരം ബാക്കിവച്ച് മുരളി തെരുവിലെ ഏതോ ഒരു മരക്കൊമ്പില്‍ തൂങ്ങി ചലനമറ്റ് നിന്നത്. മുരളി ജനിച്ച് വളര്‍ന്ന നാടാണിത്. നിറം കൊണ്ടോ ഭാഷ കൊണ്ടോ അവരെ നാടോടികള്‍ എന്ന് വിളിച്ചു. ഭൂമിയും വീടും നല്‍കാം എന്ന് വാഗ്ദാനം ചെയ്തു. ഒടുവില്‍ അയാളുടെ കുടുംബത്തെ അനാഥരാക്കി.