ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 എഡിഷന്‍ എം.എസ്.ധോണിയുടെ കരിയറിലെ അവസാനത്തെ ടൂര്‍ണമെന്റായിരിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ധോണി വിഷയത്തില്‍ വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ലെങ്കിലും അദ്ദേഹം എപ്പോള്‍ വിരമിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. താരത്തിന്റെ വിരമിക്കലിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരം മുരളി വിജയിയോട് ആരാഞ്ഞപ്പോള്‍ അദ്ദേഹം ശക്തമായി പ്രതികരിക്കുകയായിരുന്നു.
വിരമിക്കല്‍ ഒരു കളിക്കാരന്റെ വ്യക്തിപരമായ കാര്യമാണെന്നും താരങ്ങളെ ഇത്തരം കാര്യങ്ങള്‍ ചോദിച്ച് വേട്ടയാടാതെ അവരെ വെറുതെ വിടണമെന്നും വിജയ് പറഞ്ഞു. 15 വര്‍ഷം രാജ്യത്തിന് വേണ്ടി കളിച്ച താരമാണ് ധോണിയെന്നും അദ്ദേഹത്തിന് വേണ്ട പ്രൈവസി നല്‍കണമെന്നും വിജയ് പറഞ്ഞു.
‘അതൊരാളുടെ വ്യക്തിപരമായ കാര്യമാണ്. ഇത്തരം സാഹചര്യം വരുമ്പോള്‍ കളിക്കാര്‍ എന്തൊക്കെ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ആളുകള്‍ക്ക് മനസിലാകില്ല. അദ്ദേഹം രാജ്യത്തിന് വേണ്ടി 15 വര്‍ഷം സേവിച്ച കളിക്കാരനാണ്.
അതുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കുന്നതിന് പകരം അദ്ദേത്തിന് വേണ്ട സ്‌പേസും സമയവും കൊടുക്കുക. ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ ബുദ്ധിമുട്ടുണ്ട്. എല്ലാവര്‍ക്കും എം.എസ് എപ്പോള്‍ വിരമിക്കുമെന്നാണ് അറിയേണ്ടത്.
ഇതിന് ഉത്തരം പറയേണ്ടി വരുന്നതില്‍ നല്ല സങ്കടമുണ്ട്. ഞാന്‍ ഈയിടെയാണ് വിരമിച്ചത്. എനിക്ക് ഈ അവസ്ഥയെ കുറിച്ച് നന്നായിട്ടറിയാം. ഞങ്ങള്‍ ഹൃദയവും ആത്മാവും സമര്‍പ്പിച്ചാണ് കളിക്കുന്നത്. അതുകൊണ്ട് വിരമിക്കുന്ന കാര്യമൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് കളിക്കാര്‍ക്ക് അവരുടെ പ്രൈവസി നല്‍കണമെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്,’ അദ്ദേഹം പറഞ്ഞു.
അതേസമയം ഐ.പി.എല്ലില്‍ അവസാനമായി നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കീഴ്‌പ്പെടുത്തിയായിരുന്നു സി.എസ്.കെയുടെ ജയം. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ചെന്നൈ. ഏപ്രില്‍ 29ന് സണ്‍റൈസേഴ്‌സ് ഹൈദരബാദുമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം.