| Friday, 10th February 2023, 1:02 pm

അക്കാര്യത്തില്‍ രോഹിത്തിനേക്കാള്‍ മികച്ചവനാണ് ഞാന്‍, എന്തേ ഞെട്ടിപ്പോയോ? അങ്ങനെയുള്ളവര്‍ക്ക് സൗത്ത് ഇന്ത്യയെ അഭിനന്ദിക്കാന്‍ സാധിക്കില്ല; മഞ്ജരേക്കറിനെതിരെ മുരളി വിജയ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ദിവസത്തെ മത്സരം ആരംഭിച്ചതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറിനെതിരെ മുരളി വിജയ്. പരമ്പരയുടെ കന്റേറ്ററായ മഞ്ജരേക്കറിന്റെ ഒരു പരാമര്‍ശമാണ് താരത്തെ ചൊടിപ്പിച്ചത്.

മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ കണ്‍വേര്‍ഷന്‍ റേറ്റിനെ കുറിച്ചുള്ള സ്റ്റാറ്റ്‌സ് കാണിച്ചിരുന്നു. ഇതില്‍ രോഹിത് ശര്‍മയേക്കാള്‍ മികച്ച റേറ്റുണ്ടായിരുന്നത് മുരളി വിജയ്ക്കായിരുന്നു. ഇത് കണ്ട് താന്‍ അത്ഭുതപ്പെട്ടുപോയെന്നായിരുന്നു മഞ്ജരേക്കര്‍ കമന്ററിക്കിടെ പറഞ്ഞത്.

ഹോം ഗ്രൗണ്ടിലെ ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും മികച്ച കണ്‍വേര്‍ഷന്‍ റേറ്റുള്ള ഓപ്പണര്‍ മുരളി വിജയ് ആണ്. 30 മത്സരത്തില്‍ നിന്നുമായി താരത്തിന്റെ കണ്‍വേര്‍ഷന്‍ റേറ്റ് 60 ശതമാനമാണ്. രണ്ടാമനായി മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനും മൂന്നാമന്‍ പോളി ഉമ്രിഗറുമാണ്.

പട്ടികയില്‍ നാലാമനായിട്ടാണ് രോഹിത്തിന്റെ സ്ഥാനം. 50 ശതമാനമാണ് താരത്തിന്റെ കണ്‍വേര്‍ഷന്‍ റേറ്റ്. പട്ടികയിലെ അഞ്ചാമന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ്.

രോഹിത്തിനേക്കാള്‍ മുകളില്‍ മുരളി വിജയ്‌യെ കണ്ട് താന്‍ അത്ഭുതപ്പെട്ടുപോയി എന്നായിരുന്നു മഞ്ജരേക്കറിന്റെ പരാമര്‍ശം. എന്നാല്‍ മുരളി വിജയ്‌യെ സംബന്ധിച്ച് ഇത് അത്രത്തോളം സന്തോഷം നല്‍കിയില്ലായിരുന്നു.

ഇതിന് പിന്നാലെ ട്വിറ്ററിലൂടെ താരം തന്റെ അമര്‍ഷം വ്യക്തമാക്കുകയും ചെയ്തിരുന്നു. സഞ്ജയ് മഞ്ജരേക്കറിനെ ടാഗ് ചെയ്തുകൊണ്ട് ‘അത്ഭുതപ്പെട്ടു പോയോ’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

മറ്റൊരു ട്വീറ്റില്‍ ചില പഴയ മുംബൈ താരങ്ങള്‍ക്ക് സൗത്ത് ഇന്ത്യന്‍ താരങ്ങളെ അഭിന്ദിക്കാന്‍ മടി കാണുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഷോ സം ലവ് (Show Some Love), ഈക്വാലിറ്റി (Equality) ഫെയര്‍ പ്ലേ (Fair Play) എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പം മഞ്ജരേക്കറിനെയും ബി.സി.സി.ഐയെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു മുരളി വിജയ് ട്വീറ്റ് പങ്കുവെച്ചത്.

ഈയിടെയായിരുന്നു മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2018 ഡിസംബറില്‍ ഓസീസിനെതിരെ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു താരം അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

ഇന്ത്യക്കായി 61 ടെസ്റ്റിലും 17 ഏകദിനത്തിലും ഒമ്പത് ടി-20യിലും താരം കളിച്ചിട്ടുണ്ട്.

Content Highlight:  Murali Vijay against Sanjay Manjarekar

Latest Stories

We use cookies to give you the best possible experience. Learn more