ഇത്രയും വേഗത്തില്‍ മലയാളികളുടെ രുചിയെ കീഴടക്കിയ മറ്റൊരു വിഭവമില്ല; കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പം: മുരളി തുമ്മാരുകുടി
Kerala News
ഇത്രയും വേഗത്തില്‍ മലയാളികളുടെ രുചിയെ കീഴടക്കിയ മറ്റൊരു വിഭവമില്ല; കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പം: മുരളി തുമ്മാരുകുടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st October 2022, 12:46 pm

കോഴിക്കോട്: നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ ഫേസ്ബുക്കില്‍ എഴുതിയ കുഴിമന്തി പോസ്റ്റ് ചര്‍ച്ചയായതോടെ പ്രതികരണവുമായി ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പമാണെന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. ഇത്രയും വേഗത്തില്‍ മലയാളികളുടെ രുചിയെ കീഴടക്കിയ മറ്റൊരു വിഭവമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പം.
യെമനില്‍ നിന്നു വന്ന ഒരു ഭക്ഷണമാണ് മന്തി. മണ്ണില്‍ കുഴിയുണ്ടാക്കി മരക്കരിയില്‍ മണിക്കൂറുകള്‍ എടുത്ത് വേവിച്ചാണ് മന്തി ഉണ്ടാക്കുന്നത്. അതീവ രുചികരമാണ്.
കുഴിയില്‍ ഉണ്ടാക്കുന്നതിനാലാണ് കേരളത്തില്‍ ഇത് കുഴിമന്തി ആയത്. ഇത്രയും വേഗത്തില്‍ മലയാളികളുടെ രുചിയെ കീഴടക്കിയ മറ്റൊരു വിഭവമില്ല. കേരളത്തില്‍ ഗ്രാമങ്ങളില്‍ പോലും ഇപ്പോള്‍ മന്തി കടകള്‍ ഉണ്ട്. യെമനില്‍ പോലും ഇപ്പോള്‍ ഇത്രയും മന്തിക്കടകള്‍ ഉണ്ടോ എന്ന് സംശയമാണ്.
കെ.എഫ്.സിയും പിസാഹട്ടും ഒക്കെ വന്നിട്ടും കുഴിമന്തി കേരളത്തിലെ പുതിയ തലമുറയുടെ ഹരമാണ്.
#കുഴിമന്തിക്കൊപ്പം മാത്രം,’ എന്നാണ് മുരളി തുമ്മാരുകുടി എഴുതിയത്.

മന്തിക്കൊപ്പം ചിലര്‍ ഓഫര്‍ ചെയ്യുന്ന ഫ്രീ അണ്‍ലിമിറ്റഡ് റൈസ് ആരോഗ്യത്തിന് ഹാനികരമാണെന്നും അദ്ദഹം മുന്നറിയപ്പ് നല്‍കി.

അതേസമയം, താന്‍ ഒരു ദിവസം കേരളത്തിലെ ഏകാധിപതിയായാല്‍ കുഴിമന്തി എന്ന വാക്ക് നിരോധിക്കുമെന്നാണ് വി.കെ. ശ്രീരാമന്‍ ഫേസ്ബുക്കില്‍
എഴുതിയത്. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിട്ടാണ് ഇങ്ങനെ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍ ഞാന്‍ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും.

മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത് പറയരുത്, കേള്‍ക്കരുത്, കാണരുത് കുഴിമന്തി,’ എന്നാണ് വി.കെ. ശ്രീരാമന്‍ എഴുതിയത്.

ഈ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എഴുത്തുകാരായ സുനില്‍ പി. ഇളയിടം, ശാരദക്കുട്ടി എന്നിവരും കമന്റ് ചെയ്തിട്ടുണ്ട്. ഒരു ലൈക്ക് ഇമോജി നല്‍കിക്കൊണ്ടാണ് സുനില്‍ പി. ഇളയിടം ഇതിന് പിന്തുണ നല്‍കിയത്.

ഇതിന് മറുപടിയായായി. ‘മാഷ് തന്നെ പല പ്രസംഗങ്ങളില്‍ ആയി പറയുന്നത് കേട്ടിട്ടുണ്ട് ഭാഷയും സംസ്‌കാരവും ഒക്കെ പരസ്പര കൊടുക്കല്‍ വാങ്ങലുകളിലൂടെ വളരുന്നതും വികസിക്കുന്നതും ആണെന്ന്, പിന്നെ കുഴിമന്തിക്ക് എന്താണ് പ്രശ്‌നം,’എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍. ‘വെടക്കൊന്നും കൊടുക്കരുത് വെടക്കൊന്നും വാങ്ങരുത്. നശിക്കുമല്ലെങ്കില്‍ സംസ്‌കാരം’ എന്നാണ് വി.കെ. ശ്രീരാമന്‍ ഇദ്ദേഹത്തിന് മറുപടി നല്‍കുന്നത്.

‘കുഴിമന്തി എന്നു കേള്‍ക്കുമ്പോള്‍ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പന്‍ ജീവിയെ ഓര്‍മ്മ വരും. ഞാന്‍ കഴിക്കില്ല. മക്കള്‍ പക്ഷേ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകള്‍ മാറി മാറി പരീക്ഷിക്കും. എനിക്ക് പേരും കൂടി ഇമ്പ്രസീവ് ആയാലേ കഴിക്കാന്‍ പറ്റൂ,’ എന്നാണ് ശാരദക്കുട്ടി ഇതിന് താഴെ കമന്റ് ചെയ്തത്.