പ്രതീക്ഷിച്ച പോലെ കൂടുതല്‍ സ്ത്രീകള്‍ മലയാള സിനിമാരംഗത്ത് അവര്‍ക്കുണ്ടായ മോശമായ അനുഭവങ്ങള്‍ തുറന്നു പറയുകയാണ്. ഏറെ നടന്‍മാര്‍, സംവിധായകര്‍, സംഘടനാഭാരവാഹികള്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് എന്നിങ്ങനെ സിനിമാലോകത്തിന് ചുറ്റും കറങ്ങുന്നവരൊക്കെ അഭിനയമോഹം ഉള്ളവരില്‍ നിന്നും സെക്‌സ് അവകാശമായി കാണുന്നവര്‍ ആണെന്നാണ് തെളിഞ്ഞുവരുന്നത്.
ഈ വിഷയത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു. മറ്റുള്ളവരുടെ മേല്‍ അധികാരമുള്ളവര്‍ ഇത്തരത്തില്‍ ഒരാളോട് പെരുമാറിയിട്ടുണ്ടെങ്കില്‍ അത് ഒറ്റപ്പെട്ട സംഭവം ആകില്ല, ഒരു പാറ്റേണ്‍ ആകാനാണ് സാധ്യത.
അമേരിക്കയിലെ ജിംനാസ്റ്റ് രംഗത്തെ പ്രതിഭകളുടെ, അമേരിക്കന്‍ ഒളിമ്പിക് അസോസിയേഷന്റെ ഉള്‍പ്പടെ, ടീം ഡോക്ടര്‍ ആയിരുന്നു ഡോക്ടര്‍ ലാറി നാസ്സര്‍. തൊണ്ണൂറുകള്‍ മുതല്‍ 2018ല്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് വരെ ഇയാള്‍ 265 ജിംനാസ്റ്റുകളെ ആണ് ലൈംഗികമായി ദുരുപയോഗം ചെയ്തത്. ഇവരില്‍ ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ കൂടി ഉണ്ടായിരുന്നു.
ഹോളിവുഡ് രംഗത്തെ അതികായനായിരുന്ന ഹാര്‍വി വിന്‍സ്റ്റനെതിരെ പരാതിപ്പെട്ടത് 80 സ്ത്രീകളായിരുന്നു. അയാളുടെ പീഡന പരമ്പര 30 വര്‍ഷം നീണ്ടു. (ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ജയിലിലാണ്. നാസറിന് ലഭിച്ചിരിക്കുന്ന ശിക്ഷ മുന്നൂറിലേറെ വര്‍ഷം ജയില്‍ വാസമാണ്, അമേരിക്കയിലായതിനാല്‍ അയാള്‍ ഇനി സ്വതന്ത്രമായി ഒരു ദിവസം പോലും ജീവിക്കില്ല).
ഇത് തന്നെയാകും നമ്മുടെ കാര്യവും. കേട്ടിടത്തോളം പതിറ്റാണ്ടുകളായി തുടരുന്ന രീതിയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടം മുതല്‍ ന്യൂ ജെന്‍ വരെ ഉള്ള ആളുകള്‍ ആരോപണവിധേയരായി രംഗത്തുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ മാത്രമല്ല സിനിമയില്‍ അഭിനയിച്ചവര്‍ക്ക് സിനിമാതാരങ്ങളുടെ സംഘടനയില്‍ അംഗമാകാന്‍ പോലും സംഘടനാഭാരവാഹികള്‍ ശരീരം ആവശ്യപ്പെട്ടു എന്നും ചെറുത്തവര്‍ക്ക് അംഗത്വം നല്‍കിയില്ല എന്നുമൊക്കെയാണ് പരാതികള്‍ വരുന്നത്.
ഇക്കണക്കിന് ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ കാര്യമെടുത്താല്‍ പോലും ലൈംഗിക അക്രമങ്ങള്‍ നടത്തിയവര്‍ ഡസന്‍ കണക്കിന് ഉണ്ടാകും, ലൈംഗിക അതിക്രമത്തിന് ഇരയായവര്‍ നൂറു കണക്കിനും.
(തെറ്റായി പെരുമാറിയവര്‍ മരിച്ചുപോയിട്ടുണ്ടെങ്കില്‍ പോലും ആ പ്രവര്‍ത്തികളെ പറ്റി തുറന്നു പറയണം എന്നാണ് എന്റെ അഭിപ്രായം, കാരണം അതിജീവിതകള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരുടെ മനസ്സിലെ മുറിവായി അത് കിടക്കും, കുറ്റം ചെയ്തവര്‍ മരിച്ചുപോയത് കൊണ്ട് അതിജീവിതകള്‍ക്ക് അതൊരു ക്ലോഷര്‍ ആകുന്നില്ല. കുറ്റം ചെയ്തിട്ടുള്ളവര്‍ കുഴിമാടത്തില്‍ നല്ല റെപ്യൂട്ടേഷനോടെ കിടക്കേണ്ട ആവശ്യവുമില്ല).
ഇത്തരത്തിലുള്ള ഓരോ കുറ്റകൃത്യവും നമ്മുടെ സാധാരണ കോടതിയുടെ കടന്നുപോകണമെങ്കില്‍ അത് ഇപ്പോള്‍ ഈ വിഷയത്തില്‍ ഉള്‍പ്പെട്ട ആരോപണവിധേയരും അതിജീവിക്കുന്നവരും ജീവിച്ചിരിക്കുന്ന കാലത്ത് സാധ്യമായി എന്ന് വരില്ല. അത് അതിജീവിതകള്‍ക്കും ആരോപണവിധേയര്‍ക്കും നല്ലതല്ല.
അതുകൊണ്ട് തന്നെ നമുക്ക് ആദ്യം വേണ്ടത് അതിജീവിതകള്‍ക്ക് അവര്‍ക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങളും അവര്‍ക്കെതിരെ ഉണ്ടായിട്ടുള്ള അക്രമങ്ങളും തുറന്നു പറയാനുള്ള ഒരു വേദിയാണ്. സൗത്ത് ആഫ്രിക്കയിലെ ട്രൂത്ത് കമ്മീഷന്റെ മോട്ടോ ആയിരുന്ന ‘റിവീലിങ് ഈസ് ഹീലിങ്’ ആണ് എനിക്ക് ഓര്‍മ വരുന്നത്.
പൊതു സമൂഹം ജഡ്ജ്മെന്റല്‍ അല്ലാതെ അവരെ കേള്‍ക്കുന്നു, തുറന്നു പറയുന്നത് കൊണ്ട് അവര്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുന്നു എന്നുള്ളത് തന്നെ ശരിയായ ദിശയിലേക്കുള്ള ഒരു പടിയാണ്.
രണ്ടാമത്തേത് തുറന്നു പറയുന്നവരെ കോടതികളിലൂടെ ഡിഫമേഷന്‍ കേസ് നടത്തിയോ, പ്രൊഫഷണല്‍ രംഗത്ത് അവസരങ്ങള്‍ ഇല്ലാതാക്കിയോ പീഡിപ്പിക്കില്ല എന്ന് ഉറപ്പ് വരുത്തുകയാണ്.
ഇതില്‍ രണ്ടാമത്തേതിന് നമ്മുടെ സിനിമാരംഗം ശുദ്ധീകരിക്കുക മാത്രമേ മാര്‍ഗം ഉള്ളൂ. പക്ഷെ തുറന്നു പറയുന്നവര്‍ക്കെതിരെ മാനനഷ്ടക്കേസുകള്‍ വരുമ്പോള്‍ അവര്‍ക്ക് വേണ്ടത്ര സൗജന്യ നിയമസഹായം സമൂഹത്തിന് ഉറപ്പ് നല്‍കാനാകണം. അതിസമ്പന്നരായ ആരോപണവിധേയരോട് കോടതിയില്‍ ഏറ്റുമുട്ടാന്‍ തികച്ചും സാധാരണക്കാരായ അതിജീവിതകള്‍ക്ക് പറ്റില്ല എന്ന് നാം അംഗീകരിക്കണം.
മൂന്നാമത്തേത്, ഇത്തരത്തില്‍ ഉള്ള തുറന്നു പറച്ചിലുകളില്‍ ഔദ്യോഗികമായി പരാതി പറഞ്ഞു കോടതി സംവിധാനത്തിലൂടെ ക്രിമിനല്‍ കേസ് നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് അതിന് വേണ്ടി മാത്രം സമയബന്ധിതമായി ഒരു ട്രിബ്യൂണല്‍ ഉണ്ടാക്കുക എന്നതാണ്.
സ്വന്തം പ്രൊഫഷനില്‍ ഇനിയും പ്രതീക്ഷ ഉളള അതിജീവിതകളുണ്ട്. അതിന് ചിലവാക്കേണ്ട സമയം ഇനിയുള്ള നാള്‍ കോടതി വരാന്തയില്‍ ചിലവാക്കാന്‍ അവര്‍ക്ക് താത്പര്യം ഉണ്ടാകില്ല. പക്ഷെ ഇക്കാര്യത്തില്‍ പ്രത്യേക കോടതിയും സമയബന്ധിതമായ നടപടി ക്രമങ്ങളും ഉണ്ടായാല്‍ അതിജീവിതമാര്‍ അതിനോട് സഹകരിക്കാനും കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ കിട്ടാനും സാധ്യതയുണ്ട്.
കുറ്റം ചെയ്യാത്തവര്‍ക്കാകട്ടെ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ താനെന്ന അവരുടെ പേരിലെ കളങ്കം ഒഴിവാക്കി കിട്ടുകയും ചെയ്യാമല്ലോ. ഓരോ ദിവസവും കൂടുതല്‍ തുറന്നു പറച്ചില്‍ വരുന്ന സാഹചര്യത്തില്‍ അതിജീവിതകളുടെയും ആരോപണവിധേയരുടെയും അവരുടെ കര്‍മ മണ്ഡലങ്ങളുടെയും ഒരു മാട്രിക്‌സ് ഉണ്ടാക്കണം. കൃത്യമായ പാറ്റേണുകള്‍ തെളിഞ്ഞു വരും. മാധ്യമങ്ങളുടെ അന്വേഷണം അവിടെ കേന്ദ്രീകരിച്ചാല്‍ മതി, ഒളിഞ്ഞിരിക്കുന്ന സ്രാവുകളൊക്കെ പുറത്തു വരും.
ഒത്തുപിടിച്ചാല്‍….
Content Highlight: Murali Thummarukudy Talk About Cinema Industry, Hema Committee Report