| Monday, 2nd October 2023, 11:07 am

'മന്ത്രിസഭയിൽ വീണ ജോർജിനെ പോലെ ഓഡിറ്റ് ചെയ്യപ്പെടുന്നവർ വേറെയുണ്ടെന്ന് തോന്നിയിട്ടില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആരോഗ്യരംഗത്ത് പരാജയങ്ങൾ ഉണ്ടാകുമ്പോൾ അതിന്റെ ഉത്തരവാദിത്തം മന്ത്രിക്ക് ചാർത്തികൊടുക്കാൻ മത്സരിക്കുന്നവർ വിജയത്തിന്റെ ഒരു പങ്ക് എങ്കിലും മന്ത്രിക്ക് കൊടുക്കുന്നത് സാമാന്യ മര്യാദയാണെന്ന് എഴുത്തുകാരൻ മുരളി തുമ്മാരുകുടി.

കേരളം വീണ്ടും നിപയെ അതിജീവിച്ച സാഹചര്യത്തിൽ വീണ ജോർജിനും ആരോഗ്യ വകുപ്പിനും അഭിനന്ദനം നേർന്നുകൊണ്ട് മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ മന്ത്രി നിരന്തരം ഓഡിറ്റിന് വിധേയയാകുന്നതിന്റെ കാരണങ്ങളും പറയുന്നുണ്ട്.

‘ഇപ്പോഴത്തെ മന്ത്രിസഭയിൽ ശ്രീമതി വീണ ജോർജിനെ പോലെ ഓഡിറ്റ് ചെയ്യപ്പെടുന്നവർ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അതിന് പല കാരണങ്ങൾ ഉണ്ട്. ആരോഗ്യ വകുപ്പാണ്, താരതമ്യേന ചെറുപ്പക്കാരിയായ മന്ത്രിയാണ്.

ചോരച്ചാലുകൾ ഒന്നും നീന്തിക്കയറിയ രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്ത ആളാണ്, സ്ത്രീയാണ്. മാധ്യമത്തിൽ നിന്നും വന്നതാണ്. അതിന്റെ കൊതിക്കെറുവ് പല മാധ്യമ സിംഹങ്ങൾക്കും ഉണ്ടെന്ന് തോന്നാറുണ്ട്,’ അദ്ദേഹം പറഞ്ഞു.

സമർത്ഥയായ കെ.കെ. ശൈലജക്ക് തൊട്ടുപുറകിൽ സ്ഥാനം ഏറ്റെടുത്ത ആളായതുകൊണ്ട് എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും വീണ ജോർജിനെ താരതമ്യം ചെയ്യുന്നത് മുൻ ആരോഗ്യ മന്ത്രിയുമായിട്ടാണ് എന്നും മുരളി തുമ്മാരുകുടി പറഞ്ഞു.

അതേസമയം എല്ലാ ഓഡിറ്റിനെയും വളരെ നന്നായിട്ടാണ് വീണ ജോർജ് നേരിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
‘ഈ ഓഡിറ്റിനെ ഒക്കെ വളരെ നന്നായി നേരിട്ടാണ് ശ്രീമതി വീണ ജോർജ് മുന്നോട്ട് പോകുന്നത്. മാധ്യമങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നു. വകുപ്പ് കാര്യക്ഷമമായി കൊണ്ടുപോകുന്നു. സ്റ്റാഫിന്റെ അഴിമതി പോലുള്ള ആരോപണങ്ങളെ വേണ്ട തരത്തിൽ കൈകാര്യം ചെയ്യുന്നു.

ഇപ്പോൾ ഈ നിപയുടെ മേൽ കൈവരിച്ച വിജയം മന്ത്രിക്ക് തീർച്ചയായും കൂടുതൽ ആത്മവിശ്വാസം നല്കുമെന്നതിൽ സംശയമില്ല.
കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഇനിയും ഏറെ ഭാവിയുള്ള ഒരാളാണ് ശ്രീമതി വീണ ജോർജ്,’ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ കുറ്റം പറയുന്നവർ അടുത്തിടക്കൊന്നും സർക്കാർ ആശുപത്രിയിൽ പോകാത്തവർ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Murali Thummarukudi says Veena George is the only minister audited frequently

We use cookies to give you the best possible experience. Learn more