| Friday, 19th July 2019, 8:47 am

പൊതിച്ചോറിന്റെ ഗുണം അഥവാ വാട്ട്‌സാപ്പിലെ ശാസ്ത്രം പത്രത്തിലും പത്രത്തിലെ ശാസ്ത്രം വാട്ട്‌സാപ്പിലും

മുരളി തുമ്മാരുകുടി

വിദഗ്ദ്ധമായ പത്രപ്രവര്‍ത്തനം

ആഴ്ചപ്പതിപ്പില്‍ ‘ഈ ആഴ്ചയിലെ വാരഫലം’ ഒക്കെ കൈകാര്യം ചെയ്തിരുന്നത് പുതിയതായി വരുന്ന ട്രെയിനികള്‍ ആണെന്നും ഈ ആഴ്ചത്തെ അശ്വതിയുടെ ഫലം അടുത്ത ആഴ്ച മകത്തിനും മകത്തിന്റേത് ഉത്രാടത്തിനും ഒക്കെ മാറിമാറി ഇട്ടാണ് കാര്യം സാധിച്ചിരുന്നതെന്നും ഒരു പഴയ എഡിറ്റര്‍ എഴുതി വായിച്ച ഓര്‍മ്മയുണ്ട്. മലയാറ്റൂര്‍ ആണോ അതെഴുതിയതെന്ന് സംശയം ഉണ്ട്.

കേരളത്തിലെ പത്രങ്ങളിലെ ആരോഗ്യരംഗം കാണുമ്പോള്‍ വെറുതെ ഓരോന്ന് പടച്ചുവിടുകയാണെന്ന് മനസ്സിലാകും. ഇതൊക്കെ ആരാണാവോ എഴുതുന്നത്, എന്താണെങ്കിലും ആരോഗ്യബോധം പോയിട്ട് മിനിമം ശാസ്ത്രബോധം പോലുമില്ല.

പൊതിച്ചോറില്‍ ഭക്ഷണം കഴിച്ചാല്‍ ഉള്ള ഗുണഗണങ്ങള്‍ ആണ് ഒരാഴ്ചയില്‍. ഇലയിലെ ആന്റി ഓക്‌സിഡന്റ്‌റ് ഒക്കെ ഭക്ഷണത്തിലേക്ക് എടുത്തു ചാടി വരും. കേള്‍ക്കുമ്പോള്‍ ഒരു സുഖം ഒക്കെ ഉണ്ട്. ‘നമ്മുടെ അമ്മമാരും അമ്മൂമ്മാരും ഒക്കെ ചെയ്തതിന്റെ ഗുട്ടന്‍സ് ഇപ്പോഴെങ്കിലും മനസ്സിലായോ’ എന്ന് ചോദിക്കുന്നവര്‍ക്ക് നല്ല ഇന്ധനം ആണ്.

പക്ഷെ കുഴപ്പം എന്തെന്ന് വച്ചാല്‍ ഈ പറയുന്നതിനൊന്നും അടിസ്ഥാനമായി ശാസ്ത്രമോ പഠനമോ ഒന്നുമില്ല. വിശ്വസിക്കാന്‍ ഇഷ്ടമുളളതൊക്കെ അടിച്ചുവിടുന്നു. കുറേപ്പേര്‍ അത് ഷെയര്‍ ചെയ്യുന്നു. വാട്ട്‌സ്ആപ്പ് ശാസ്ത്രം പത്രത്തില്‍ എത്തുന്നത് പോലെ പത്രത്തിലെ കപട ശാസ്ത്രങ്ങള്‍ വാട്ട്‌സാപ്പില്‍ എത്തുന്നു. അവസാനം ഏതാണ് പൊട്ടത്തരം ഏതാണ് ശാസ്ത്രം എന്നറിയാതെ ആളുകള്‍ കുഴങ്ങുന്നു. ഇങ്ങനെ ഉള്ളവര്‍ക്ക് എന്ത് ഒമേഗ ത്രീയും വിറ്റു പണമുണ്ടാക്കാന്‍ പറ്റും.

പത്രക്കാരോട് ഒരപേക്ഷ. ഏതെങ്കിലും ആരോഗ്യ ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മിനിമം അതൊന്നും ഗൂഗിള്‍ ചെയ്തു നോക്കണം, എന്നിട്ട് നിങ്ങള്‍ അവലംബിച്ച ശാസ്ത്രലേഖനം റഫറന്‍സ് ആയി കൊടുക്കണം.

മുരളി തുമ്മാരുകുടി

We use cookies to give you the best possible experience. Learn more