ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനവുമായി ഇന്ത്യയുടെ മലയാളി താരം മുരളി ശ്രീശങ്കര്‍. ലോങ് ജമ്പ് ഫൈനലില്‍ ഏഴാമതായിട്ടാണ് താരം ഫിനിഷ് ചെയ്തത്.
ലോങ് ജമ്പില്‍ ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന നേട്ടത്തോടെയാണ് താരം മെഡല്‍ ചാട്ടത്തിനിറങ്ങിയത്.
ആദ്യ ശ്രമത്തില്‍ തന്നെ 7.96 മീറ്ററിലേക്ക് പറന്നിറങ്ങിയ ശ്രീശങ്കര്‍ മെഡല്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ശ്രമങ്ങളിലൊന്നും തന്നെ ആദ്യ ചാട്ടത്തിലെ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നതോടെ പോഡിയത്തിലേറാന്‍ താരത്തിനായില്ല.
7.89 മീറ്റര്‍, 7.83 എന്നിങ്ങനെയായിരുന്നു താരത്തിന്റെ മറ്റു പ്രകടനങ്ങള്‍.
പാലക്കാട് നിന്നുള്ള ഈ 23കാരനാണ് പുരുഷന്‍മാരുടെ ലോങ് ജമ്പില്‍ വേള്‍ഡ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരം.
യോഗ്യതാ റൗണ്ടില്‍ എട്ട് മീറ്റര്‍ ചാടിയായിരുന്നു ശ്രീശങ്കര്‍ ഫൈനലിലേക്ക് കടന്നത്. ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 8.36 മീറ്റര്‍ ചാടിയതായിരുന്നു താരത്തിന്റെ മികച്ച ദൂരം.
അത്ഭുതമെന്തെന്നാല്‍ ആ ദൂരം തന്നെയായിരുന്നു വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ ഗോള്‍ഡ് മെഡലിസ്റ്റും നേടിയത് എന്നുള്ളതായിരുന്നു. 8.36 മീറ്ററിലേക്ക് പറന്നിറങ്ങിയാണ് ചൈനയുടെ ജിനാന്‍ വാങ് പോഡിയം ടോപ്പറായത്.
8.32 മീറ്റര്‍ ചാടി ഗ്രീസിന്റെ മില്‍തിയാദിസ് ടെന്‍ടോഗ്ലോ വെള്ളി നേടിയപ്പോള്‍ 8.16 മീറ്റര്‍ ചാടി സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സൈമണ്‍ എഹാമ്മര്‍ വെങ്കല മെഡല്‍ സ്വന്തമാക്കി.
മലയാളി താരമായ അഞ്ജു ബോബി ജോര്‍ജായിരുന്നു വേള്‍ഡ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പ് ഫൈനലില്‍ പ്രവേശിച്ച ആദ്യ താരം. 2003ല്‍ പാരീസില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ താരം വെങ്കലം നേടിയിരുന്നു.
Content highlight: Murali Sreeshankar Finishes Seventh in Long Jump Final At World Championships