'വി.സി കടുംപിടുത്തക്കാരന്‍'; ജെ.എന്‍.യു വി.സിയെ പുറത്താക്കണമെന്ന് മുരളി മനോഹര്‍ ജോഷി
national news
'വി.സി കടുംപിടുത്തക്കാരന്‍'; ജെ.എന്‍.യു വി.സിയെ പുറത്താക്കണമെന്ന് മുരളി മനോഹര്‍ ജോഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2020, 11:56 pm

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ക്കെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി. ജെ.എന്‍.യു വിസി ജഗദീഷ് കുമാറിനെ പിരിച്ചുവിടണമെന്നാണ് മുരളി മനോഹര്‍ ജോഷി ആവശ്യപ്പെട്ടത്.

വൈസ് ചാന്‍സലുറുടെ മനോഭാവം ശരിയല്ലെന്നും അദ്ദേഹം ആ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും ട്വിറ്ററിലൂടെ മുരളി മനോഹര്‍ ജോഷി പറഞ്ഞു.

‘ജെഎന്‍യുവിലെ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രായോഗികമായ നടപടികള്‍ സ്വീകരിക്കണമെന്ന് രണ്ടു തവണ ജെ.എന്‍.യു വി.സിയുടെ അടുത്ത് മാനവ വിഭവ ശേഷി മന്ത്രാലയം നിര്‍ദേശിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും ചര്‍ച്ച നടത്താനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടിയെ സ്വീകരിക്കാത്ത വി.സിയുടെ കടുംപിടുത്തം ഞെട്ടിക്കുന്നതാണ്. ഇത് നടപ്പിലാക്കാത്ത വി.സിയുടെ നടപടി ഞെട്ടിക്കുന്നതാണ്. ഈ മനോഭാവം ദൗര്‍ഭാഗ്യകരമാണ്. വി.സിയെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നാണ് എന്റെ അഭിപ്രായം,’ മുരളി മനോഹര്‍ ജോഷി ട്വീറ്റ് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വി.സിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മുരളി മനോഹര്‍ ജോഷി അഭിപ്രായവുമായി രംഗത്തെത്തിയത്. ജെ.എന്‍.യു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായം രേഖപ്പെടുത്തുന്ന ആദ്യത്തെ ബി.ജെ.പി നേതാവ് കൂടിയാണ് മുരളി മനോഹര്‍ ജോഷി.

 

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാനവ വിഭവശേഷി വകുപ്പിലേക്ക് ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ലാത്തി വീശിയിരുന്നു. പൊലീസ് അക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് പറ്റിയിരുന്നു. സ്ത്രീകളെയും പൊലീസ് അക്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് വിട്ടയക്കുകയായിരുന്നു.