| Thursday, 22nd December 2022, 1:22 pm

രസികന്‍ എന്ന ഫ്ളോപ് എഴുതിയ ആളാണ് ഞാന്‍; റിസ്‌കെടുക്കാതെ വേറെ ആരെക്കൊണ്ടെങ്കിലും എഴുതിക്കാന്‍ ഞാന്‍ ആ സംവിധായകനോട് പറഞ്ഞു: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തുകൊണ്ടിരിക്കെ സിനിമയിലെത്തി സജീവമായ താരമാണ് മുരളി ഗോപി. 2004ല്‍ ലാല്‍ ജോസ് ചിത്രം രസികനിലൂടെ നടനായും തിരക്കഥാകൃത്തായും മലയാള സിനിമയില്‍ അരങ്ങേറിയ മുരളി ഗോപി പിന്നീട് അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം 2009ല്‍ മോഹന്‍ലാല്‍ ചിത്രം ഭ്രമരത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ‘ഈ അടുത്ത കാലത്ത്’ ആണ് തിരക്കഥാകൃത്തെന്ന രീതിയില്‍ മുരളി ഗോപിക്ക് ബ്രേക്ക് നല്‍കിയ ചിത്രം.

ചിത്രത്തിന് കഥയെഴുതാന്‍ വേണ്ടി അരുണ്‍ കുമാര്‍ തന്നെ സമീപിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം.

”സിനിമയിലേക്കുള്ള രണ്ടാം വരവ് എനിക്ക് വലിയ നിയോഗം പോലെയാണ് തോന്നിയിട്ടുള്ളത്. അരുണ്‍ കുമാര്‍ വന്നിട്ട് ഈ അടുത്ത കാലത്തിന്റെ സ്‌ക്രിപ്റ്റ് എഴുതണമെന്ന് എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത്, ‘രസികന്‍ എന്ന ഒരു ഫ്‌ളോപ് ഫിലിം എഴുതിയ ഒരാളാണ് ഞാന്‍. നിങ്ങള്‍ വേണമെങ്കില്‍ എന്റെ കഥകള്‍ എടുത്തുനോക്കൂ.

നിങ്ങള്‍ വെറുതെ റിസ്‌ക് എടുക്കേണ്ട. വേറെ ആരെയങ്കിലും കൊണ്ട് എഴുതിപ്പിച്ചോളൂ. ഞാന്‍ വേറെ ജോലിയുമായി പോവുകയാണ്,” എന്നായിരുന്നു.

പക്ഷെ ഞാന്‍ അത് എഴുതണമെന്ന് അരുണ്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഞാന്‍ തന്നെ അത് എഴുതിയാലേ പറ്റൂ, കാരണം എന്റെ ചെറുകഥകള്‍ വായിച്ചിട്ടുണ്ട്. അത് വളരെ സിനിമാറ്റിക്കാണ്, സിനിമ കാണുന്ന ഒരു ഫീലാണ്, എന്നൊക്കെ അരുണ്‍ പറഞ്ഞു.

അങ്ങനെയാണ് ഈ അടുത്ത കാലത്തിന്റെ തിരക്കഥ ഞാന്‍ എഴുതുന്നത്. എല്ലായിടത്ത് നിന്നും നിര്‍ബന്ധങ്ങള്‍ വരികയാണ്. അത് വന്നുവന്നാണ് ഞാനൊരു തിരക്കഥാകൃത്തും നടനുമൊക്കെയായി മാറിയത്,” മുരളി ഗോപി പറഞ്ഞു.

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാനാണ് മുരളി ഗോപിയുടെ എഴുത്തിലൂടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമ. മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് എമ്പുരാന് ഇത്രയും വലിയ ഹൈപ്പ് ലഭിക്കാന്‍ കാരണം.

Content Highlight: Murali Gopy talks about the movie Ee Adutha Kaalathu and its director Arun Kumar Aravind

Latest Stories

We use cookies to give you the best possible experience. Learn more