തിരക്കഥാകൃത്ത്, അഭിനേതാവ് എന്ന നിലകളില്‍ പ്രശസ്തനാണ് മുരളി ഗോപി. തന്റെ സിനിമകളിലൂടെ വ്യക്തമായ രാഷ്ട്രീയം പറഞ്ഞുകൊണ്ട് മലയാള സിനിമയില്‍ നിലനില്‍ക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.
മുരളി ഗോപി തിരക്കഥയൊരുക്കിയ ടിയാന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കമ്മാര സംഭവം എന്നീ സിനിമകളിലെല്ലാം അദ്ദേഹത്തിന്റെ രാഷ്ട്രീയം പ്രകടമാണ്. ഇപ്പോള്‍ കമ്മാര സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. 2018ല്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയാണ് കമ്മാര സംഭവം.
കമ്മാര സംഭവം മൂന്ന് ഭാഗങ്ങളായി പ്ലാന്‍ ചെയ്തിരുന്ന സിനിമയായിരുന്നുവെന്നും എന്നാല്‍ ഒന്നാം ഭാഗം സക്‌സസ് ആകാതിരുന്നതുകൊണ്ടാണ് രണ്ടാം ഭാഗം എടുക്കാതിരുന്നതെന്നും മുരളി ഗോപി പറഞ്ഞു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നേരത്തെ കമ്മാര സംഭവം രണ്ട് പാര്‍ട്ടായിട്ട് പ്ലാന്‍ ചെയ്തിരുന്നതാണ്. സത്യത്തില്‍ മൂന്ന് ഭാഗമായിട്ടാണ് പ്ലാന്‍ ചെയ്തത്. അന്ന് അത് ഒരു ബിഗ് ബജറ്റ് സിനിമ കൂടിയായിരുന്നു. കമ്മാര സംഭവത്തിന്റെ ഒന്നാം ഭാഗം ഓടണം എന്നത് വളരെ അത്യാവശ്യമാണ്.
എന്നാല്‍ മാത്രമേ അതിന്റെ രണ്ടാം ഭാഗം എടുക്കാന്‍ കഴിയുകയുള്ളു. ഒന്നാം ഭാഗം വലിയ സക്‌സസ് ആകാതിരുന്നത് കൊണ്ടാണ് അതിന്റെ രണ്ടാം ഭാഗം എടുക്കാന്‍ പറ്റാതെ പോയത്,’ മുരളി ഗോപി പറഞ്ഞു.
അതുകൊണ്ടാണ് ലൂസിഫറിന്റെ രണ്ടാം ഭാഗം ഒന്ന് കാത്തിരുന്നതിന് ശേഷം അനൗണ്‍സ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൂസിഫര്‍ വിജയം ആയതുകൊണ്ടാണ് രണ്ടാം ഭാഗത്തെ കുറിച്ചും മൂന്നാം ഭാഗത്തെ കുറിച്ചും ആലോചനയുണ്ടായത്. എന്നാല്‍ ലൂസിഫറിന്റെ സെക്കന്റ് പാര്‍ട്ട് അനൗണ്‍സ് ചെയ്യുമ്പോള്‍ മൂന്നാം ഭാഗത്തെ കുറിച്ചും പറയേണ്ടതുണ്ട്. കാരണം ലൂസിഫറിന്റെ രണ്ടാം ഭാഗം ഫ്രാഞ്ചൈസിയിലേക്ക് കടന്നുകഴിഞ്ഞെന്നും മുരളി ഗോപി പറഞ്ഞു.
Content Highlight: murali gopy talks about second part of his movie