തന്റെ തിരക്കഥകളിലൂടെ ശക്തമായ രാഷ്ട്രീയം പറയുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. ലൂസിഫർ, കമ്മാര സംഭവം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ രചിച്ച മുരളി ഗോപി ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രം ലാൽജോസ് സംവിധാനം ചെയ്ത രസികൻ ആയിരുന്നു.
ചിത്രത്തിൽ കാള ഭാസ്കരൻ എന്ന ഒരു നെഗറ്റീവ് കഥാപാത്രത്തെയും താരം അവതരിപ്പിച്ചിരുന്നു. മുരളി ഗോപി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് രസികൻ. ചിത്രത്തിൽ വിദ്യാസാഗർ ഒരുക്കിയ പാട്ടുകളെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു. അതിലൊന്നായിരുന്നു മമ്മൂട്ടി – മോഹൻലാൽ ഫാൻസിന്റെ ഫൈറ്റിനെ കുറിച്ചുള്ള ഗാനം.
ഫാൻ ഫൈറ്റുകൾ ഒരു സാമൂഹിക പ്രതിഭാസമാണെന്നും ഇത് കാലങ്ങളായി നില നിൽക്കുന്നുണ്ടെന്നും അതുകൊണ്ടാണ് തിരക്കഥയിൽ അതുൾപ്പെടുത്തിയതെന്നും മുരളി ഗോപി പറയുന്നു. മുമ്പ് സത്യൻ മാസ്റ്റർ – പ്രേം നസീർ, ജയൻ അങ്ങനെ അത് കാലങ്ങളായി ഇവിടെയുണ്ടെന്നും മുരളി പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘നമ്മുടെ ഒരു സാമൂഹ്യ പ്രതിഭാസമാണല്ലോ മമ്മൂട്ടി – മോഹൻലാൽ ഫാൻ ഫൈറ്റ്. എല്ലാകാലത്തും അതുണ്ട്. ഒരു സമയത്ത് സത്യൻ മാസ്റ്റർ – നസീർ സാർ, പിന്നെ നസീർ സാർ – ജയൻ. അങ്ങനെ ഈയൊരു തർക്കം ചരിത്രത്തിന്റെ ഭാഗമാണല്ലോ,’മുരളി ഗോപി പറയുന്നു.
ലാൽജോസാണ് ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തന്നോട് പറയുന്നതെന്നും കാള ഭാസ്കരൻ ഒരു അഗ്ലി കഥാപാത്രമായിരുന്നുവെന്നും മുരളി ഗോപി കൂട്ടിച്ചേർത്തു. ആദ്യ സിനിമ ചെയ്യുന്ന ഒരാൾ തെരഞ്ഞെടുക്കാൻ മടിക്കുന്ന കഥാപാത്രമായിരുന്നു അതെന്നും മുരളി പറഞ്ഞു.
‘ഞാനന്ന് ആ സിനിമയിൽ അഭിനയിക്കണമെന്ന് വിചാരിച്ചിട്ടേയില്ല. സാധാരണ ഒരു ആദ്യ സിനിമ ചെയ്യുമ്പോൾ ഏതൊരാളും ഒരുപാട് സ്വഭാവഗുണമുള്ള നല്ല കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനാവും എല്ലാവരും ശ്രമിക്കുക.
ഈ കഥാപാത്രം വന്നപ്പോൾ ലാൽജോസ് എന്നോട് ചോദിച്ചു, ഈ റോൾ ചെയ്യാമോയെന്ന്. സത്യത്തിൽ എനിക്ക് വലിയ ഇൻട്രെസ്റ്റിങ് ആയിട്ടാണ് തോന്നിയത്. അഗ്ലി ആയിട്ടുള്ള ഒരു കഥാപാത്രമാണ് കാള ഭാസ്കരൻ എന്ന് പറയുന്നത്. ആദ്യചിത്രമായി അത് തെരഞ്ഞെടുക്കുകയെന്നത് ഒരു വെല്ലുവിളിയായിട്ടാണ് എനിക്ക് തോന്നിയത്,’മുരളി ഗോപി പറയുന്നു.
Content Highlight: Murali Gopy Talk About Fan Fight Song In Rasikan Movie