ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം പശ്ചാത്തലമാകുന്ന റോക്കെട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിനായി ഏറെ കൗതുകത്തോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. നടന്‍ മാധവന്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നമ്പി നാരായണനെ അവതരിപ്പിക്കുന്നതും.
ഇപ്പോഴിതാ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതിക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ചിത്രത്തെ പറ്റി മുരളി ഗോപി പറഞ്ഞത്.
ഭരണ-സാമൂഹിക വ്യവസ്ഥിതി മൊത്തമായി ഒത്തുചേര്‍ന്ന് ഒരു മനുഷ്യന് നേരെ തിരിഞ്ഞാല്‍ എന്തൊക്കെ സംഭവിക്കാം എന്നതിന്റെ ഒരുത്തമ ദൃഷ്ടാന്തമാണ് ശ്രീ.നമ്പി നാരായണന്റെ ജീവിതമെന്നും, കേവലം എല്ലാ ബയോപിക്കുകളെ പോലെ ആരതിയുഴിയലിനപ്പുറം ഉയര്‍ന്ന്, അതിപ്രധാനമായ ഒരു ദൃശ്യ-ശ്രവ്യ രേഖപ്പെടുത്തല്‍ ഈ സിനിമ സമ്മാനിക്കുമെന്ന് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ പ്രതീക്ഷിക്കുന്നു എന്നുമാണ് മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
ഭരണ-സാമൂഹിക വ്യവസ്ഥിതി മൊത്തമായി ഒത്തുചേര്‍ന്ന് ഒരു മനുഷ്യന് നേരെ തിരിഞ്ഞാല്‍ എന്തൊക്കെ സംഭവിക്കാം എന്നതിന്റെ ഒരുത്തമ ദൃഷ്ടാന്തമാണ് ശ്രീ. നമ്പി നാരായണന്റെ ജീവിതയാനം. അതിതീവ്രവും അതിസാഹസികവുമായ അതിജീവനത്തിന്റെ ഒരു കഥയുണ്ടതില്‍. പറയപ്പെടേണ്ട,കേള്‍ക്കപ്പെടേണ്ട ഒരു കഥ. ബയോപ്പിക്കുകളുടെ മടുപ്പിക്കുന്ന ആരതിയുഴിയലിനപ്പുറം ഉയര്‍ന്ന്, അതിപ്രധാനമായ ഒരു ദൃശ്യ-ശ്രവ്യ രേഖപ്പെടുത്തല്‍ ഈ സിനിമ സമ്മാനിക്കും എന്ന് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ പ്രതീക്ഷിക്കുന്നു.
ജൂലൈ ഒന്നിനാണ് റോക്കെട്രി ദി നമ്പി ഇഫക്ട് റിലീസ് ചെയ്യുന്നത്. സിമ്രാന്‍ നായികയാവുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, സൂര്യ എന്നിവര്‍ അതിഥി വേഷത്തിലുമെത്തുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
Content Highlight : Murali gopy shares the expectation about the movie Rocketry The Nambi Effect