Entertainment
എമ്പുരാന്‍ ലൂസിഫറിന്റെ തുടര്‍ച്ചയല്ല: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 25, 11:04 am
Saturday, 25th January 2025, 4:34 pm

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ഒടിയന്‍ എന്ന വലിയ പരാജയ ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ സിനിമയായിരുന്നു ലൂസിഫര്‍. മുരളി ഗോപിയുടെ രചനയില്‍ പിറന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, ടൊവിനോ തോമസ് തുടങ്ങിയ വമ്പന്‍ താരനിര ഒന്നിച്ചിരുന്നു.

ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി ലൂസിഫര്‍ മാറി. ആദ്യഭാഗത്തെക്കാള്‍ വലിയ രീതിയിലാണ് പൃഥ്വിരാജ് എമ്പുരാന്‍ അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 27ന് എമ്പുരാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

എമ്പുരാനെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. എമ്പുരാന്‍ എന്ന ചിത്രം ലൂസിഫറിന്റെ സീക്വല്‍ അല്ലെന്ന് മുരളി ഗോപി പറയുന്നു. ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ ഒരു സ്റ്റാന്‍ഡ് എലോണ്‍ ചിത്രമാണ് എമ്പുരാന്‍ എന്നും ആ രീതിയിലാണ് ചിത്രം എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വെച്ച് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് (KLF) ല്‍ സംസാരിക്കുകയായിരുന്നു മുരളി ഗോപി.

‘2019ല്‍ ആണ് ലൂസിഫര്‍ റിലീസ് ആകുന്നത്. അത് കഴിഞ്ഞ് സ്പാനിഷ് ഫ്‌ലുവിന് ശേഷം നമ്മള്‍ കണ്ട ഏറ്റവും വലിയ മഹാമാരി, കൊവിഡ് വന്നു. നമ്മള്‍ അതുവരെ കണ്ടിട്ടുണ്ടായിരുന്ന സെന്‍സ് ഓഫ് ഡ്രാമയും സെന്‍സ് ഓഫ് കണ്ടിന്യൂ എല്ലാം മാറ്റി മറിച്ച് ഒരുപാട് നാടകീയ തലങ്ങളുണ്ടാക്കി കടന്നു പോയൊരു വര്‍ഷമായിരുന്നു.

അപ്പോള്‍ ഒരു ലൈഫ് ചെയ്ഞ്ചിങ് പാന്റമിക്കിന് ശേഷം വരുന്ന എല്ലാ വിധ സെന്‍സിബിള്‍ ആയ മാറ്റങ്ങളും എഴുത്തില്‍ ഉണ്ടാകും.

എമ്പുരാന്‍ എന്ന് പറയുന്നത് ലൂസിഫറിന്റെ തുടര്‍ച്ചയല്ല. ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ ഒരു സ്റ്റാന്‍ഡ് എലോണ്‍ ചിത്രമാണ് എമ്പുരാന്‍. ആ രീതിയിലാണ് ഈ ചിത്രമെടുത്തിരിക്കുന്നത്,’ മുരളി ഗോപി പറയുന്നു.

Content highlight: Murali Gopy says Empuraan movie is not a sequel of Lucifer movie