നടന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് മുരളി ഗോപി. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രസികനാണ് മുരളി ഗോപി തിരക്കഥയെഴുതിയ ആദ്യ ചിത്രം. പിന്നീട് ആറോളം ചിത്രങ്ങള്‍ക്ക് മുരളി ഗോപി തൂലിക ചലിപ്പിച്ചു. പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയതും മുരളി ഗോപി തന്നെയായിരുന്നു. മലയാളസിനിമ അന്നേവരെ കണ്ടിട്ടില്ലാത്ത വിജയമായി ലൂസിഫര്‍ മാറി.
ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനോടകം 40 ശതമാനത്തോളം ഷൂട്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ഖുറേഷി അബ്രാം ആരാണെന്ന് അറിയാന്‍ വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. യു.കെ, യു.എസ്, ദുബായ് തുടങ്ങി വിദേശരാജ്യങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. അടുത്ത വര്‍ഷം പകുതിയോടെ എമ്പുരാന്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലൂസിഫറിന്റെ സീക്വലല്ല എമ്പുരാന്‍ എന്ന് പറയുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. ലൂസിഫറിന്റെ തിരക്കഥ എഴുതിയ സമയത്ത് തന്നെ മൂന്ന് ഭാഗങ്ങള്‍ മനസിലുണ്ടായിരുന്നെന്നും മുരളി ഗോപി പറഞ്ഞു. ഒരിക്കലും ലൂസിഫറിന്റെ തുടര്‍ച്ചയല്ല എമ്പുരാനെന്നും ഖുറേഷി അബ്രാം ആരെണെന്ന് കാണിക്കുന്ന വലിയൊരു സിനിമയാണ് എമ്പുരാനെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ കനക രാജ്യത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യം പറഞ്ഞത്.
‘ലൂസിഫറിന്റെ കഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ മനസില്‍ ഉണ്ടായതാണ്. അന്ന് ഇത്ര വലിയ കഥയായിരുന്നില്ല. പക്ഷേ എഴുതി വന്നപ്പോള്‍ അത് വലുതായി മാറുകയായിരുന്നു. ഒരിക്കലും ഒരൊറ്റ സിനിമയിലേക്ക് ചുരുക്കാന്‍ പറ്റാത്ത കഥയാണ് അത്. പൃഥ്വിയോട് ലൂസിഫറിനെപ്പറ്റി പറഞ്ഞപ്പോഴും ഞാന്‍ ഈ കാര്യം സൂചിപ്പിച്ചിരുന്നു. ലൂസിഫര്‍ വലിയ വിജയമാകുമെന്ന് ആദ്യമേ ഉറപ്പായിരുന്നു.
ഇനി വരാന്‍ പോകുന്ന എമ്പുരാന്‍ ലൂസിഫറിന്റെ സീക്വലല്ല, അതിന്റെ രണ്ടാം ഭാഗമാണ്. കുറച്ചുകൂടെ വലിയൊരു ചുറ്റുപാടില്‍ പറഞ്ഞുപോകുന്ന കഥയാണ് എമ്പുരാന്‍. തിയേറ്ററില്‍ ഹിറ്റാകാന്‍ വേണ്ടി പ്രത്യകിച്ച് ഒരു എലമെന്റും ഈ സിനിമയില്‍ ചേര്‍ത്തിട്ടില്ല. ലൂസിഫറിലും അങ്ങനെ തന്നെയായിരുന്നു. ആരാധകരെ സന്തോഷിപ്പിക്കാന്‍ അങ്ങനെയൊരു കാര്യം കൂട്ടിച്ചേര്‍ക്കാന്‍ എനിക്ക് കഴിയില്ല,’ മുരളി ഗോപി പറഞ്ഞു.
Content Highlight: Murali Gopy saying that Empuraan is not the sequel of Lucifer