Advertisement
Entertainment
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അരാഷ്ട്രീയ ഡയലോഗുകളൊന്നും എന്റേതല്ല: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 30, 03:51 pm
Sunday, 30th June 2024, 9:21 pm

അഭിനേതാവ്, തിരക്കഥാകൃത്ത്, എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച താരമാണ് മുരളി ഗോപി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, കമ്മാര സംഭവം, ലൂസിഫര്‍ തുടങ്ങി വ്യത്യസ്തമായ തിരക്കഥകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചയാളാണ് മുരളി ഗോപി. ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് മുരളിയുടെ പുതിയ തിരക്കഥ.

താരത്തിന്റെ കരിയറില്‍ ഏറ്റവുമധികം ആരാധകരുള്ള ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ചിത്രത്തിലെ അരാഷ്ട്രീയ ഡയലോഗുകളെക്കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. ചിത്രത്തിലെ വട്ട് ജയന്‍ എന്ന കഥാപാത്രം ഇടതുപക്ഷത്തെക്കുറിച്ച് ചോദിക്കുന്ന ചോദ്യം ഇന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

അത്തരം ഡയലോഗുകളെപ്പറ്റി തന്റെ കാഴ്ചപ്പാട് മുരളി ഗോപി വ്യക്തമാക്കി. വട്ട് ജയന്‍ എന്ന കഥാപാത്രം അരാഷ്ട്രീയവാദിയാണെന്നും അയാള്‍ക്ക് സമൂഹത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സാഹചര്യമില്ലെന്നും ആ കഥാപാത്രം തന്നെക്കൊണ്ട് എഴുതിച്ചതാണ് ആ ഡയലോഗുകളെന്നും താരം പറഞ്ഞു.

തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഒരിക്കലും തന്റെ എഴുത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കാറില്ലെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഇടത് പാര്‍ട്ടി രണ്ടായാല്‍ അതിലൊന്ന് വലതാവണ്ടേ എന്ന ഡയലോഗ് ഞാനല്ല എഴുതിയത്. വട്ട് ജയന്‍ എന്ന കഥാപാത്രം എന്നെക്കൊണ്ട് എഴുതിച്ചതാണ്. ഒരു എഴുത്തുകാരന്‍ ഒരിക്കലും തന്റെ കാഴ്ചപ്പാട് കഥാപാത്രത്തെക്കൊണ്ട് പറയിപ്പിക്കരുത് എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന്‍ ഒരു അരാഷ്ട്രീയവാദിയാണ്.

അയാള്‍ക്ക് ചുറ്റുമുള്ള രാഷ്ട്രീയപരമായ കാര്യങ്ങളെക്കുറിച്ച് അയാള്‍ ആലോചിക്കുന്നില്ല. അങ്ങനെയുള്ള ഒരാള്‍ക്ക് ഇടതുപക്ഷത്തെക്കുറിച്ച് വലിയ ധാരണ ഉണ്ടാകില്ല. ഒരു അരാഷ്ട്രീയവാദി ചോദിക്കുന്ന ചോദ്യമായിട്ടാണ് ഞാന്‍ അത് എഴുതിയത്. അല്ലെങ്കില്‍ ആ കഥാപാത്രം എന്നെക്കൊണ്ട് എഴുതിച്ചത്. അല്ലാതെ ഇടതുപക്ഷത്തെ വിമര്‍ശിക്കാം എന്ന ചിന്തയില്‍ ഞാന്‍ ബോധപൂര്‍വം എഴുതിയതല്ല ആ ഡയലോഗൊന്നും,’ മുരളി ഗോപി പറഞ്ഞു.

Content Highlight: Murali Gopy about the dialogues in Left Right Left movie