| Sunday, 14th July 2024, 4:04 pm

എന്നെ നായകനാക്കി ലാല്‍ ജോസ് ചെയ്യാനിരുന്ന സിനിമയായിരുന്നു അത്: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് മുരളി ഗോപി. ലാല്‍ ജോസ് ചിത്രം രസികന് തിരക്കഥയൊരുക്കിക്കൊണ്ടാണ് മുരളി ഗോപി സിനിമാമേഖലയിലേക്ക് കടന്നുവന്നത്. 20 വര്‍ഷത്തെ കരിയറില്‍ ഏഴോളം സിനിമകള്‍ക്ക് തിരക്കഥ എഴുതിയ മുരളി ഗോപി 20 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രസികനിലെ വില്ലന്‍ കഥാപാത്രമായ കാള ഭാസ്‌കരനെ അവതരിപ്പിച്ചതും മുരളി ഗോപി തന്നെയാണ്.

എന്നാല്‍ ആ സിനിമ ആദ്യം ചെയ്യാനിരുന്നത് അങ്ങനെയായിരുന്നില്ലെന്ന് മുരളി ഗോപി പറഞ്ഞു. താനും ലാലിന്റെ ഒരു കസിനുമായിരുന്നു ആ സിനിമയിലെ നായകന്മാരെന്നും മുരളി ഗോപി പറഞ്ഞു. ചേകവന്‍ എന്നായിരുന്നു ആ സിനിമക്ക് ആദ്യം ഇടാന്‍ വെച്ച പേരെന്നും എന്നാല്‍ പുതുമുഖങ്ങളെ വെച്ച് ചെയ്യുന്ന സിനിമ അന്നത്തെ കാലത്ത് വലിയൊരു പരീക്ഷണമായതിനാല്‍ അവസാന നിമിഷം ഉപേക്ഷിക്കേണ്ടി വന്നെന്നും താരം പറഞ്ഞു.

പിന്നീട് ആ രണ്ട് നായകന്മാരില്‍ ഒരാളെ മാത്രം എടുത്തുകൊണ്ട് തിരക്കഥ മാറ്റിയെഴുതിയെന്നും ആ സിനിമക്ക് രസികന്‍ എന്ന് പേരിട്ടെന്നും മുരളി ഗോപി പറഞ്ഞു. ഇനി ആ സബ്ജക്ടിനെപ്പറ്റി ആലോചിച്ചിട്ട് കാര്യമില്ലെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ കനക രാജ്യത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘രസികന്‍ ആദ്യം ചെയ്യാനിരുന്നത് ഒരു ഡ്യുവല്‍ ഹീറോ സബ്ജക്ടായിട്ടായിരുന്നു. ചേകവന്‍ എന്നായിരുന്നു ആ സിനിമക്ക് ആദ്യം ഇടാന്‍ വെച്ചിരുന്ന പേര്. രണ്ട് നായകന്മാരില്‍ ഒരാള്‍ ഞാനായിരുന്നു. മറ്റൊരാള്‍ ലാലിന്റെ കസിന്‍ പോളി വര്‍ഗീസും. അന്നത്തെ കാലത്ത് അങ്ങനെയൊരു പ്രൊജക്ട് കുറച്ച് വലിയ പരീക്ഷണമായിരുന്നു. ഷൂട്ടിന്റെ തൊട്ടു മുന്നേ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നു.

പിന്നീട് ആ തിരക്കഥ മുഴുവന്‍ മാറ്റിയെഴുതേണ്ടി വന്നു. രണ്ട് നായകന്മാരില്‍ ഒരാളെ മാത്രം എടുത്തുകൊണ്ട് എഴുതിയ കഥയാണ് രസികന്‍. അതിലെ വില്ലന്‍ കഥാപാത്രമായ കാള ഭാസ്‌കരനെ അവതരപ്പിച്ചത് ഞാനായിരുന്നു. പഴയ വേര്‍ഷന്റെ തിരക്കഥ ഇനി ചെയ്യാനാകില്ല. ഇന്നത്തെ കാലത്ത് ആ കഥ ചെയ്തിട്ട് കാര്യവുമില്ല,’ മുരളി ഗോപി പറഞ്ഞു.

Content Highlight: Murali Gopy about Rasikan movie and Lal Jose

We use cookies to give you the best possible experience. Learn more