അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് മുരളി ഗോപി. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി. വ്യക്തമായ കാഴ്ചപ്പാടും നിലപാടുമുള്ള അദ്ദേഹം രചന നിര്‍വ്വഹിക്കുന്ന സിനിമകളില്ലെല്ലാം തന്നെ ശക്തമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ടിയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ മുരളി ഗോപിയുടെ രചനയില്‍ പിറന്നവയാണ്.
മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലൂസിഫര്‍. വന്‍ വിജയമായി മാറിയ ചിത്രത്തിന് രണ്ട് ഭാഗങ്ങള്‍ കൂടിയുണ്ടാകുമെന്ന് ആദ്യമേ അറിയിച്ചിരുന്നു. രണ്ടാം ഭാഗമായ എമ്പുരാന്റെ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്. പൃഥ്വിരാജ്- മുരളി ഗോപി കൂട്ടുകെട്ടില്‍ ടൈസണ്‍ എന്ന ചിത്രം 2020ല്‍ അനൗണ്‍സ് ചെയ്തിരുന്നു.
ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. 2026 പകുതിയോടെ മാത്രമേ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകുള്ളൂവെന്ന് മുരളി ഗോപി പറഞ്ഞു. അതിന് ശേഷം മാത്രമേ ടൈസന്റെ ഷൂട്ട് ആരംഭിക്കുള്ളൂവെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു. ലൂസിഫറിന്റെ മൂന്നാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റിന്റെ പൂര്‍ണരൂപം മനസിലുണ്ടെന്നും അത് കുറച്ചുകൂടി ഡെവലപ് ചെയ്യേണ്ടതുണ്ടെന്നും മുരളി ഗോപി പറഞ്ഞു.
മൂന്ന് ഭാഗമുള്ള ഒരു ഫ്രാഞ്ചൈസിയായാണ് ലൂസിഫര്‍ പ്ലാന്‍ ചെയ്യുന്നതെന്നും അതില്‍ ആദ്യ ഭാഗം കഥാപാത്രങ്ങളെ പരിയചപ്പെടുത്തലായിരുന്നെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു. ലൂസിഫറില്‍ കണ്ടതിനെക്കാള്‍ കുറച്ചുകൂടി വലിയ ലോകമാണ് എമ്പുരാന്റേതെന്നും മൂന്നാം ഭാഗത്തിലേക്ക് കണക്ട് ചെയ്യുന്ന കഥയാണ് അതെന്നും മുരളി ഗോപി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു മുരളി ഗോപി.
‘ടൈസണ്‍ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് 2026 പകുതിയോടെ മാത്രമേ പൂര്‍ത്തിയാകുള്ളൂ. സ്‌ക്രിപ്റ്റ് കംപ്ലീറ്റായതിന് ശേഷം അത് രാജുവിന് കൊടുക്കും. ലൂസിഫര്‍ മൂന്നാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റിന്റെ പൂര്‍ണരൂപം മനസിലുണ്ട്. അതില്‍ ഇനി കുറച്ചുകൂടി ഡെവലപ് ചെയ്യണം. എമ്പുരാന്റെ റിലീസിന് ശേഷമേ അതിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ.
ഒരു ട്രിലോജിയായാണ് ലൂസിഫര്‍ ആദ്യം മുതലേ കണ്‍സീവ് ചെയ്തത്. അതില്‍ ആദ്യത്തെ പാര്‍ട്ടില്‍ കഥാപാത്രങ്ങളെ ഇന്‍ട്രൊഡ്യൂസ് ചെയ്യുകയായിരുന്നു. സെക്കന്‍ഡ് പാര്‍ട്ടിലേക്ക് വരുമ്പോള്‍ ആ ലോകം കുറച്ചുകൂടി വലുതായിരിക്കുകയാണ്. മൂന്നാം ഭാഗത്തിലേക്ക് കണക്ട് ചെയ്യുന്ന ഒരുപാട് സംഭവങ്ങള്‍ എമ്പുരാനിലുണ്ട്,’ മുരളി ഗോപി പറഞ്ഞു.
Content Highlight: Murali Gopy about Prithviraj’s next directorial movie Tyson