മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. വിവാദങ്ങള്‍ക്കിടെ 24 കട്ടുകളോളം വരുത്തിയ പുതിയ പതിപ്പാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.
ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ ചിത്രമായിരുന്നു എമ്പുരാന്‍. മേക്കിങ് കൊണ്ട് ലൂസിഫറിനേക്കാള്‍ മികച്ചുനിന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
പൃഥ്വിരാജ് എന്ന ഫിലംമേക്കറും മുരളി ഗോപിയെന്ന തിരക്കഥാകൃത്തും ഒന്നിച്ചപ്പോള്‍ മോളിവുഡിന് മറ്റൊരു 250 കോടി ക്ലബ്ബ് ചിത്രം കൂടിയാണ് ലഭിച്ചത്.
എമ്പുരാന്‍ വന്‍ വിജയമായി പ്രദര്‍ശനം തുടരുന്ന സാഹചര്യത്തില്‍ മുരളി ഗോപി നേരത്തെ നല്‍കിയ ഒരു അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നതിനെ കുറിച്ച് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
‘ലൂസിഫര്‍ ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായെങ്കില്‍ മാത്രമേ അതിനൊരു സെക്കന്‍ഡ് പാര്‍ട്ട് വരുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് അതിന്റെ അവസാനം വരെ ഇക്കാര്യം പറയാതിരുന്നത്.
കമ്മാരസംഭവം ചെയ്യുമ്പോള്‍ അതിനൊരു സെക്കന്‍ഡ് പാര്‍ട്ട് ഉണ്ടായിരുന്നു, പക്ഷേ അത് ആ സമയം പറയാന്‍ സാധിക്കില്ല. അതൊരു സക്‌സസ്ഫുള്‍ ചിത്രമായാല്‍ മാത്രമല്ലേ രണ്ടാം ഭാഗത്തെ കുറിച്ച് പറഞ്ഞിട്ട് തന്നെ കാര്യമുള്ളൂ.
നമ്മള്‍ ഹോളിവുഡ് ഒന്നുമല്ലല്ലോ. അയേണ്‍മാന്‍ വണ്‍, അയേണ്‍മാന്‍ ടു, അയേണ്‍മാന്‍ 3… ഓള്‍റെഡി 2030 വരെ അവര്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. അവരുടെ ഏതൊക്കെ ചിത്രങ്ങളാണ് വരാനുള്ളത്, ഏതെല്ലാം സൂപ്പര്‍ ഹീറോസിന്റെ എന്തെല്ലാം മള്‍ട്ടിവേഴ്‌സ് ഇന്‍സ്റ്റാള്‍മെന്റ്‌സ് വന്നിട്ടായിരിക്കും ഒരു ഫൈനല്‍ ചിത്രം വരാന്‍ പോകുന്നത് എന്നൊക്കെ പറയാനുള്ള ഒരു ശേഷി ഈ ഇന്‍ഡസ്ട്രിക്കില്ലല്ലോ.
ഫസ്റ്റ് ക്രോസ് ബോര്‍ഡര്‍ അപ്പീല്‍ ഉണ്ടായ ചിത്രമാണ് ലൂസിഫര്‍. രണ്ടാം ഭാഗം ഉറപ്പായും അതിനേക്കാള്‍ ബിഗ്ഗറായിരിക്കും,’ മുരളി ഗോപി പറഞ്ഞു.
അതേസമയം, ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് സൂചന നല്‍കിക്കൊണ്ടാണ് എമ്പുരാന്‍ അവസാനിക്കുന്നത്. പി.കെ. രാംദാസ് എടുത്തുവളര്‍ത്തിയ സ്റ്റീഫന്‍ എങ്ങനെ അധോലോകരാജാവായ അബ്രാം ഖുറേഷിയായി മാറി എന്നതായിരിക്കും എല്‍. 3യുടെ പ്രമേയം.
Content Highlight: Murali Gopy about Lucifer and Empuraan