നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് മുരളി ഗോപി. ലാല്‍ ജോസ് ചിത്രം രസികന് തിരക്കഥയൊരുക്കിക്കൊണ്ടാണ് മുരളി ഗോപി സിനിമാമേഖലയിലേക്ക് കടന്നുവന്നത്. 20 വര്‍ഷത്തെ കരിയറില്‍ ഏഴോളം സിനിമകള്‍ക്ക് തിരക്കഥയെഴുതിയ മുരളി ഗോപി 20 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ സിനിമയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി. ലൂസിഫറിന്റെ റിലീസിന് പിന്നാലെ മലയാളികള്‍ക്കിടയില്‍ പരിചിതമായ പേരാണ് ഇല്ലുമിനാറ്റി. ലോകത്തെ നിയന്ത്രിക്കുന്ന അദൃശ്യശക്തിയായ ഗ്രൂപ്പിന്റെ പേരാണ് ഇല്ലുമിനാറ്റി. ഈ ഗ്രൂപ്പിനെക്കുറിച്ച് പല തിയറികളും സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഇല്ലുമിനാറ്റിയെക്കുറിച്ച് വിശദീകരണവുമായി വന്നിരിക്കുകയാണ് മുരളി ഗോപി.
ഇല്ലുമിനാറ്റിയുടെ അര്‍ത്ഥം ഇല്ലുമിനാറ്റിക്ക് പോലും അറിയില്ലെന്ന് മുരളി ഗോപി പറഞ്ഞു. എന്താണെന്ന് പോലും ചോദിക്കാന്‍ പാടില്ലാത്ത അവ്യക്തമായ ഒരു ഗ്രൂപ്പാണ് ഇല്ലുമിനാറ്റിയെന്നും മുരളി ഗോപി പറഞ്ഞു. നമ്മുടെ ദൈനംദിന ജീവിതത്തിലെ വലിയ സംഭവങ്ങള്‍ മുതല്‍ ചെറിയ കാര്യങ്ങള്‍ വരെ നമ്മുടെ ജീവിതത്തില്‍ അടിച്ചേല്പിക്കുന്ന ഒരു അജ്ഞാത ശക്തി എന്ന ആശയമാണ് ഇല്ലുമിനാറ്റിയെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യം പറഞ്ഞത്.
‘ഇല്ലുമിനാറ്റിയുടെ അര്‍ത്ഥം എന്താണെന്ന് ഇല്ലുമിനാറ്റിക്ക് പോലും അറിയില്ല. എന്താണെന്ന് പോലും ചോദിക്കാന്‍ പാടില്ലാത്ത അവ്യക്തമായ ഒരു ഗ്രൂപ്പാണത്. അങ്ങനെയാണ് അതിന്റെ ബേസ് രൂപപ്പെടുത്തി വെച്ചിരിക്കുന്നത്. നമ്മള്‍ കാണുന്ന സിസ്റ്റവും അധികാര പോളിസികളും ടി.വിയില്‍ കാണുന്ന വലിയ വാര്‍ത്തകള്‍ മുതല്‍ ചെറിയ ന്യൂസുകള്‍ വരെ യുള്ള കാര്യം ഡിസൈന്‍ ചെയ്യുന്നവരാണ് അവര്‍.
നമ്മള്‍ കാണുന്ന പരസ്യത്തിന്റെ ഡിസൈന്‍, അജണ്ട സെറ്റിങ് എന്നീ കാര്യങ്ങളില്‍ പോലും അവരുടെ ഇന്‍ഫ്‌ളുവന്‍സ് ഉണ്ടാകുമെന്നും അത് നമ്മള്‍ അറിയാതെ പോകുമെന്നുമൊക്കെയാണ് ഇല്ലുമിനാറ്റിയെക്കുറിച്ചുള്ള തിയറികള്‍. ഈ ആശയത്തെ ഗൈഡ് ചെയ്യുന്ന ഗ്രൂപ്പ് ഉണ്ടെന്നും പറയുന്ന ആശയമാണ് ഇല്ലുമിനാറ്റി,’ മുരളി ഗോപി പറഞ്ഞു.
Content Highlight: Murali Gopy about Illuminati