| Tuesday, 6th September 2022, 9:23 am

ആ സിനിമ ചെയ്തിരുന്ന സമയത്ത്, ഡെബ്യൂ ചെയ്യാന്‍ പറ്റിയ കഥാപാത്രമാണോ ഇതെന്ന് ലാല്‍ എപ്പോഴും ചോദിക്കുമായിരുന്നു: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭരത് ഗോപിയുടെ മകന്‍ എന്നതിനപ്പുറം നടനായും തിരക്കഥാകൃത്തായും മലയാള സിനിമയില്‍ സ്വന്തമായി ഇടമുണ്ടാക്കിയെടുത്ത താരമാണ് മുരളി ഗോപി.

സിനിമയിലെത്തുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകനായും മുരളി ഗോപി ജോലി ചെയ്തിട്ടുണ്ട്.

2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന സിനിമയിലൂടെയാണ് നടനായും തിരക്കഥാകൃത്തായും മുരളി ഗോപി അരങ്ങേറ്റം കുറിച്ചത്. രസികനില്‍ വില്ലന്‍ വേഷത്തിലായിരുന്നു മുരളി ഗോപി എത്തിയത്.

പിന്നീട് അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ ചിത്രം ഭ്രമരത്തിലൂടെ നടനായി തിരിച്ചുവരികയും സിനിമയില്‍ സജീവമാകുകയുമായിരുന്നു.

താന്‍ കഥകളും നോവെല്ലകളും മറ്റും എഴുതിയിരുന്നത് അച്ഛന്‍ ഭരത് ഗോപിക്ക് വളരെ ഇഷ്ടമായിരുന്നെന്നും എന്നാല്‍ ഒരിക്കലും സിനിമയില്‍ വരണമെന്ന് തന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്നും പറയുകയാണ് താരം. കൗമുദി മൂവീസിന് മുരളി ഗോപി നല്‍കിയ ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”അച്ഛനെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ ആദ്യത്തെ കഥയെഴുതിയത്, ആയുര്‍രേഖ.

ഞാന്‍ സിനിമ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ്. സിനിമയില്‍ ഞാന്‍ എത്തും എന്ന് യാതൊരു തരത്തിലും ആഗ്രഹിക്കാതെയുള്ള, വിചാരിക്കാതെയുള്ള ഒരു ഇഷ്ടമായിരുന്നു അത്.

പക്ഷെ അത് ഒരു പാഷനായി നമ്മുടെ ഉള്ളില്‍ ജ്വലിക്കുമ്പോള്‍ നാചുറലി നമ്മള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടും എന്ന തത്വം ശരിയാണെങ്കില്‍ അതിന്റെ വലിയൊരു ഉദാഹരണമാണ് ഞാന്‍.

രണ്ടാം വരവും വളരെ ആകസ്മികമായി സംഭവിച്ചതാണ്,” മുരളി ഗോപി പറഞ്ഞു.

രസികനില്‍ കാള ഭാസ്‌കരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സമയത്ത്, ഇത്തരമൊരു വില്ലന്‍ വേഷത്തിലൂടെ സിനിമയിലേക്ക് വരണോ എന്ന് സംവിധായകന്‍ ലാല്‍ജോസ് സംശയം പ്രകടിപ്പിച്ചിരുന്നു എന്നും താരം പറയുന്നു.

പത്രപ്രവര്‍ത്തകനായിരുന്ന സമയത്ത് ഹിന്ദുവിന് വേണ്ടി സംവിധായകന്‍ ലാല്‍ ജോസുമായി ഒരു ഇന്റര്‍വ്യൂ നടത്തിയിരുന്നു. പിന്നെ ഞങ്ങള്‍ കുറേ നാള്‍ ലേറ്റ് നൈറ്റ് ഇരുന്ന് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തു.

അങ്ങനെ വന്നതാണ്. സിനിമയിലേക്ക് രണ്ടാമതൊരു വരവുണ്ടാകുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല.

രസികന്‍ ചെയ്ത സമയത്ത്, ‘ഡെബ്യൂ ചെയ്യാന്‍ പറ്റിയ കഥാപാത്രമാണോ ഇത്’, എന്ന് ലാല്‍ ജോസ് എന്നോട് എപ്പോഴും ചോദിക്കും. ഡെബ്യൂ ചെയ്യാന്‍ ഈ ക്യാരക്ടറാണോ സെലക്ട് ചെയ്യുന്നേ, എന്ന് ചോദിക്കും. ഞാന്‍ പറഞ്ഞു, രസമല്ലേ എന്ന്. കഥാപാത്രങ്ങളുടെ ഇമേജ് ഞാന്‍ നോക്കാറില്ല,” മുരളി ഗോപി പറയുന്നു.

മുരളി ഗോപി തിരക്കഥാകൃത്തായെത്തിയ ‘തീര്‍പ്പ്’ തിയേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് അണിയറയിലൊരുങ്ങുന്ന മുരളി ഗോപി ചിത്രം.

Content Highlight: Murali Gopy about his debut movie Rasikan with Lal Jose

We use cookies to give you the best possible experience. Learn more