| Thursday, 4th July 2024, 8:39 am

ഇമേജിന് പ്രശ്‌നമാണെന്ന് പറഞ്ഞ് പല താരങ്ങളും ആ വേഷം ചെയ്യാന്‍ തയ്യാറായില്ല, കാരണം ആ കഥാപാത്രത്തിന്റെ പൗരുഷം... മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ തിരക്കഥകളിലൂടെ ശക്തമായ രാഷ്ട്രീയം പറയുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. രസികന്‍ എന്ന ചിത്രത്തിലൂടെ സിനിമ കരിയര്‍ ആരംഭിച്ച മുരളി ഇന്ന് മലയാളത്തിലെ ശ്രദ്ധേയനായ നടനും തിരക്കഥാകൃത്തുമാണ്. ലൂസിഫര്‍, കമ്മാര സംഭവം, ടിയാന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളെല്ലാം മുരളിയുടെ തിരക്കഥയിലാണ് പിറന്നത്.

ഇപ്പോള്‍ സിനിമ താരങ്ങള്‍ ഇമേജ് ബ്രേക്ക് ചെയ്യേണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. ഇമേജിനെ ബ്രേക്ക് ചെയ്യുന്നതാകണം ആക്ടിങ് എന്നാണ് അദ്ദേഹം പറയുന്നത്. താരങ്ങളാണ് ഇമേജിനെ കുറിച്ച് ചിന്തിക്കേണ്ടതെന്നും എന്നാല്‍ തനിക്ക് അത്തരമൊരു ചിന്തയില്ലെന്നും അദ്ദേഹം പറയുന്നു.

തന്റെ പുതിയ ചിത്രമായ കനകരാജ്യത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യം പറഞ്ഞത്.

‘ഇമേജിനെ ബ്രേക്ക് ചെയ്യുന്നതാണ് ആക്ടിങ് എന്ന് പറയുന്നത്. ഇമേജുകളെ തച്ചുടക്കുന്നതാണ് അഭിനയം എന്ന് പറയുന്നത് തന്നെ. ഇമേജിനെ ശ്രദ്ധിക്കേണ്ടത് താരങ്ങളാണ്, ഞാന്‍ താരമാകാന്‍ കൊതിയുള്ള ആളല്ല. എനിക്ക് അഭിനേതാവുന്നതാണ് ഇഷ്ടം,’ അദ്ദേഹം പറഞ്ഞു.

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലെ അജയ് കുര്യന്‍ എന്ന തന്റെ കഥാപാത്രത്തെ കുറിച്ചും മുരളി ഗോപി മനസ് തുറന്നു. ഈ കഥാപാത്രം അവതരിപ്പിക്കുന്നതിനായി നിരവധി താരങ്ങളെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അവരൊന്നും തന്നെ ഇത് ചെയ്യാന്‍ തയ്യാറായില്ല എന്നും മുരളി ഗോപി പറഞ്ഞു.

‘സ്വയം കാണുന്നത് പോലെയോ സ്വയം കരുതുന്നത് പോലെയോ അല്ല നമ്മള്‍. നമ്മളെല്ലാവരും നല്ലവരാണെന്ന് വിശ്വസിക്കുന്നവരാണ്. രാവണന്‍ പോലും നല്ലവനായിരുന്നു എന്നാണ് ഉള്ളില്‍ വിശ്വസിച്ചിരുന്നത്.

എല്ലാ ആളുകളുടെ ഉള്ളിലും എല്ലാ തരം കഥാപാത്രങ്ങളും ഉണ്ട്. ഒരു ആക്ടര്‍ എന്ന നിലയില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു സ്റ്റേജ് കൊടുക്കുക എന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

ഇപ്പോള്‍ അജയ് കുര്യന്റെ ക്യാരക്ടര്‍ എഴുതിയപ്പോള്‍ ഒരുപാട് ആക്ടര്‍മാരുടെ അടുത്ത് ഞാനും അരുണും അപ്രോച്ച് ചെയ്തിരുന്നു. ആ ക്യാരക്ടറിന്റെ പൗരുഷം ഒരു ചോദ്യചിഹ്നമാണ്. തങ്ങളുടെ ഇമേജിന് പ്രശ്‌നമാണെന്ന് പറഞ്ഞ് ഒരുപാട് താരങ്ങള്‍ ആ ക്യാരക്ടര്‍ വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. അതൊരു ചലഞ്ചിങ് ക്യാരക്ടറാണ്. അങ്ങനെയാണ് അത് ചെയ്യാം എന്ന വിചാരിച്ചത്,’ മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.

Content highlight: Murali Gopy about actor’s image and his role in the movie Ee Adutha Kalathu

We use cookies to give you the best possible experience. Learn more