എമ്പുരാന്‍ വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പറഞ്ഞെന്ന് ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് താന്‍ എല്ലാവരോടുമായി പറയുമെന്നും മുരളി ഗോപി പറഞ്ഞു.
വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ്, നായകന്‍ മോഹന്‍ലാല്‍, രചയിതാവായ മുരളി ഗോപി എന്നിവര്‍ നേരിടുന്നത്. വിവാദങ്ങള്‍ ശക്തമാവുന്നതിനിടെ മുരളി ഗോപിയുടെ പ്രതികരണത്തിനായി സമൂഹമാധ്യമങ്ങളെല്ലാം ഉറ്റുനോക്കുകയായിരുന്നു. എന്നാല്‍ മുരളി ഗോപി വിവാദങ്ങളോട് പ്രതികരിക്കുകയുണ്ടായില്ല. ഇതിനെടെയാണ് മുരളി ഗോപി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഈദ് ആശംസ കുറിച്ചത്.
ഇതുവരെയും സിനിമാ മേഖലയിലുള്ള ആരും തന്നെയോ സിനിമാ സംഘടനകളോ എമ്പുരാന്റെ അണിയറപ്രവര്‍ത്തകരെയോ അഭിനേതാക്കളെയോ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ല എന്നതും ശ്രദ്ധേയം. അതേസമയം എമ്പുരാന്‍ വിഷയത്തില്‍ യാതൊരു പ്രതികരണത്തിനും എ.എം.എം.എ അടക്കമുള്ള സംഘടനകള്‍ തയ്യാറായിട്ടില്ല. നിലവിലും മൗനം പാലിക്കുകയാണ് സംഘടനകള്‍.
ഇന്നലെ (ശനി) എമ്പുരാനിലെ നായകനായ മോഹന്‍ലാല്‍ ഖേദപ്രകടനം നടത്തിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഖേദപ്രകടനം. തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് മോഹന്‍ലാലിന്റെ ഖേദപ്രകടന കുറിപ്പ് ഷെയര്‍ ചെയ്തിരുന്നു.
സിനിമയിലെ ചില ഭാഗങ്ങള്‍ക്കെതിരെ തീവ്ര വലതുപക്ഷ സംഘടനകള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് സിനിമയിലെ പതിനേഴിലേറെ ഭാഗങ്ങളില്‍ മാറ്റം വരുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദ്രുതഗതിയില്‍ ചിത്രം റീ എഡിറ്റ് ചെയ്ത് ഇന്ന് (തിങ്കള്‍) തിയേറ്ററുകളിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിലെ കലാപ രംഗത്തിലെ മൂന്ന് മിനിറ്റോളം പൂര്‍ണമായും ഒഴിവാക്കിയും വില്ലന്റെ ബാബ ബജ്റംഗി
എന്ന പേര് മാറ്റുകയോ മ്യൂട്ട് ചെയ്‌തോ ആയിരിക്കും പുതിയ പതിപ്പ് തിയേറ്ററുകളിലെത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.
2002ല്‍ നടന്ന കലാപം കാണിച്ചു കൊണ്ടാണ് എമ്പുരാന്‍ സിനിമ തുടങ്ങുന്നത്. സിനിമയുടെ ആദ്യത്തെ 20 മിനിറ്റില്‍ കലാപമായിരുന്നു പശ്ചാത്തലം. കലാപത്തിന് കാരണക്കാരായവരാണ് രാജ്യം ഭരിക്കുന്നതെന്ന പ്രസ്താവനയടക്കം എമ്പുരാനില്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമയിലെ വസ്തുതകള്‍ ചില തീവ്രവലതുപക്ഷക്കാരെ ചൊടിപ്പിക്കുകയായിരുന്നു. ഇതോടെ വ്യാപക സൈബര്‍ ആക്രമണമാണ് മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി എന്നിവര്‍ നേരിടുന്നത്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തിയത്. റിലീസിന് മുമ്പ് തന്നെ ചരിത്രനേട്ടം സ്വന്തമാക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. ബുക്ക് മൈ ഷോ എന്ന ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ ഒരു ദിവസം വിറ്റുപോയ ഇന്ത്യന്‍ സിനിമയാണ് എമ്പുരാന്‍. പ്രഭാസ്, ഷാരൂഖ് ഖാന്‍, വിജയ് എന്നിവരെ കടത്തിവെട്ടിയാണ് എമ്പുരാന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
Content Highlight: Murali Gopy will not respond to Empuran controversies; Film organizations continue to remain silent