ലൂസിഫറിന്റെ റീമേക്ക് ഞാന്‍ കണ്ടു ഒന്നുംപറയുന്നില്ല; റീമേക്കുകള്‍ പരാജയപ്പെടാന്‍ കാരണമുണ്ട്: മുരളി ഗോപി
Entertainment news
ലൂസിഫറിന്റെ റീമേക്ക് ഞാന്‍ കണ്ടു ഒന്നുംപറയുന്നില്ല; റീമേക്കുകള്‍ പരാജയപ്പെടാന്‍ കാരണമുണ്ട്: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th December 2022, 5:45 pm

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു.

ചിത്രം പിന്നീട് ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലേക്കും ഡബ്ബ് ചെയ്തിരുന്നു, കൂടാതെ തെലുങ്കില്‍ ഗോഡ്ഫാദര്‍ എന്ന പേരില്‍ ചിത്രം റിമേക്കും ചെയ്തിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം ചെയ്തത് ചിരഞ്ജീവിയായിരുന്നു.

ചിത്രത്തിന്റെ റീമേക്കുകള്‍ പരാജയപ്പെടാനുള്ള കാരണത്തെക്കുറിച്ച് പറയുകയാണ് മുരളി ഗോപി. ഒര്‍ജിനല്‍ സിനിമയുടെ പോയിന്റ് മനസിലാക്കി ചെയ്യുകയാണെങ്കില്‍ റിമേക്കുകള്‍ പരാജയപ്പെടില്ലെന്നും ലൂസിഫറിന്റെ റീമേക്ക് താന്‍ കണ്ടുവെന്നും അതിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും മുരളി ഗോപി പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഒരു താരത്തെ മുന്നില്‍ കണ്ടുകൊണ്ട് എഴുതിയ ചിത്രമല്ല ലൂസിഫര്‍. ആ കഥാപാത്രത്തെ അതിന്റെ സെന്‍സില്‍ ചെയ്യാന്‍ ലാലേട്ടനെ കഴിയുകയുള്ളു. അത്തരമൊരു കഥാപാത്രത്തെ ലാലേട്ടനെ പോലെ ഒരാള്‍ ചെയ്താലെ ശരിയാവുള്ളു.

ലൂസിഫര്‍ എഴുതുന്നത് തൊട്ട് ആ കഥാപാത്രം ആര് ചെയ്യുമെന്ന ചോദ്യത്തിന് എനിക്ക് ഒരു ഉത്തരമെയുള്ളു, അതാണ് ലാലേട്ടന്‍. അദ്ദേഹം മനോഹരമായി ഉള്‍കൊണ്ടുകൊണ്ട് കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമയുടെ മറ്റ് ചില റീമേക്കുകള്‍ പരാജയപ്പെട്ടു. അത്തരമൊരു സൂഷ്മത ഇല്ലാതെ അഭിനയിച്ചത് കൊണ്ടാണ് ചില റീമേക്കുകള്‍ പരാജയപ്പെടാനുള്ള കാരണം.

പ്രചോദിപ്പിക്കുന്ന ഫസ്റ്റ് റിമേക്കിങ്ങും പ്രചോദിപ്പിക്കാത്ത സെക്ന്റ് റീമേക്കിങ്ങും അതാണ് സംഭവിച്ചത്. എന്നാല്‍ എല്ലാ റീമേക്കിനും അത്തരം പ്രശ്‌നമുണ്ടെന്ന് പറയാന്‍ കഴിയില്ല. ദൃശ്യം 2 ഹിന്ദിയില്‍ വലിയ വിജയമായെന്നാണ് അറിയുന്നത്. ഞാന്‍ ആ ചിത്രം കണ്ടിട്ടില്ല.

ഒറിജിനല്‍ സിനിമയുടെ പോയിന്റ് മനസിലാക്കി ചെയ്യുകയാണെങ്കില്‍ റിമേക്കുകള്‍ പരാജയപ്പെടില്ല. ആ പോയിന്റ് മനസിലാക്കാതെയാണ് സിനിമ ചെയ്യുന്നതെങ്കില്‍ ഉറപ്പായും സിനിമ പരാജയപ്പെടും. ലൂസിഫറിന്റെ റീമേക്ക് ഞാന്‍ കണ്ടു അതിനെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല,” മുരളി ഗോപി പറഞ്ഞു.

content highlight: Murali Gopi talks about the reason why the remakes of the film lucifer failed