Entertainment
എമ്പുരാനെ കുറിച്ചുള്ള ചോദ്യം പേടിച്ച് ഒളിച്ചു നടക്കാറുണ്ടോ? മറുപടി നല്‍കി മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 30, 02:46 am
Sunday, 30th June 2024, 8:16 am

പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലൂസിഫര്‍. ഈ മോഹന്‍ലാല്‍ ചിത്രം മലയാളത്തിലെ വലിയ സാമ്പത്തിക വിജയമായിരുന്നു. ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ലൂസിഫര്‍ പ്രഖ്യാപനം മുതല്‍ക്കേ തന്നെ ഹൈപ്പിന്റെ കൊടുമുടിയിലായിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനില്‍ നിന്ന് ഖുറേഷി അബ്രാം എന്ന അധോലോക നായകനായുള്ള മോഹന്‍ലാലിന്റെ ട്രാന്‍സ്ഫോര്‍മേഷന്‍ ആരാധകര്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു.

ഇപ്പോള്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയാണ്. ഈ സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. എമ്പുരാന്‍ പ്രഖ്യാപിച്ചത് മുതല്‍ തന്നെ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി പ്രദര്‍ശനത്തിന് എത്തുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്.

എന്താണ് എമ്പുരാനെന്നും എന്താണ് അതിന്റെ കഥയെന്നുമൊക്കെയുള്ള ഒരുപാട് ചോദ്യങ്ങള്‍ ആളുകള്‍ ചോദിക്കാറുണ്ടെന്ന് പറയുകയാണ് മുരളി ഗോപി. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ എമ്പുരാനെ കുറിച്ചുള്ള ചോദ്യം കാരണം ഒളിച്ചു നടക്കാറുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘എമ്പുരാനെ പറ്റിയുള്ള ചോദ്യം കാരണം ഞാന്‍ അങ്ങനെ ഒളിച്ചു നടക്കാറൊന്നുമില്ല. എന്താണ് എമ്പുരാന്‍? എന്താണ് അതിന്റെ കഥ? എന്നൊക്കെയുള്ള ഒരുപാട് ചോദ്യങ്ങള്‍ ആളുകള്‍ ചോദിക്കാറുണ്ട്. പക്ഷെ ഒരു കാര്യവും ഇപ്പോള്‍ പുറത്ത് പറയാന്‍ പറ്റില്ല,’ മുരളി ഗോപി പറഞ്ഞു.

Also Read: എന്റെ അഭിനയം കുറച്ച് ഓവറായെന്ന് രാജീവേട്ടനും പറഞ്ഞു, ഷോട്ട് എടുക്കുമ്പോൾ പറഞ്ഞൂടെയെന്ന് ഞാൻ ചോദിച്ചു: ദർശന

തനിക്ക് സിനിമക്ക് തിരക്കഥ എഴുതുന്ന സമയത്ത് അഭിനയിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. അഭിനയവും എഴുത്തും ഒരാളുടെ ഫോക്കസ് മുഴുവനും വേണ്ട കാര്യങ്ങളാണെന്നും എഴുതുമ്പോള്‍ അഭിനയിക്കുകയും അഭിനയിക്കുമ്പോള്‍ എഴുതുകയും ചെയ്യുന്നത് തനിക്ക് വളരെ പ്രയാസമാണെന്നും മുരളി ഗോപി പറയുന്നു. അത് കാരണം പലപ്പോഴും അഭിനയത്തില്‍ ഗ്യാപ് വരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അഭിനയത്തിലും എഴുത്തിലും ഒരുപോലെ ഒരു ഹൈ കിട്ടുന്ന ആളാണ് ഞാന്‍. പക്ഷെ എനിക്കുള്ള ഒരു പ്രശ്‌നം എഴുതുന്ന സമയത്ത് അഭിനയിക്കാന്‍ പറ്റില്ല എന്നതാണ്. ഒരാളുടെ ഫോക്കസ് മുഴുവനും വേണ്ട കാര്യമാണ് അഭിനയവും എഴുത്തും. എഴുതുമ്പോള്‍ അഭിനയിക്കുകയും അഭിനയിക്കുമ്പോള്‍ എഴുതുകയും ചെയ്യുന്നത് പ്രയാസമാണ്. അത് കാരണം പലപ്പോഴും അഭിനയത്തില്‍ ഗ്യാപ് വരാറുണ്ട്.

ഒരു കഥാപാത്രം എന്നെ സ്‌ട്രൈക്ക് ചെയ്താല്‍ ഞാന്‍ അതിന് പെട്ടെന്ന് തന്നെ ഓക്കെ പറയാറുണ്ട്. പക്ഷെ എഴുത്ത് കാരണം ഒരുപാട് സിനിമകള്‍ വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ട്. ഇനി അഭിനയത്തിലെ ആ ഗ്യാപ് കുറക്കാന്‍ ഞാന്‍ നോക്കുന്നുണ്ട്. അപ്പോഴും എഴുത്തില്‍ നിന്ന് എനിക്ക് ഗ്യാപ് എടുക്കാന്‍ പറ്റില്ല. കാരണം ഇപ്പോള്‍ രണ്ടുമൂന്ന് അസൈന്മെന്റ്‌സ് കൂടെ പൂര്‍ത്തിയാക്കാനുണ്ട്. അതൊക്കെ വളരെ വലുതുമാണ്,’ മുരളി ഗോപി പറഞ്ഞു.


Content Highlight: Murali Gopi Talks About People Asking About Empuraan