മോഹന്‍ലാല്‍ നായകനായ സ്ഫടികം എന്ന സിനിമയില്‍ ആടുതോമയുടെ മാസ് സീനുകള്‍ കഴിഞ്ഞ ശേഷമായിരുന്നു അയാളുടെ ജീവിതത്തിലെ ഇമോഷണല്‍ രംഗങ്ങള്‍ കാണിച്ചത്. ഇന്നും മാസ് സിനിമകളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് സ്ഫടികം. അതേസമയം മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി എത്തിയ ചിത്രമാണ് ലൂസിഫര്‍.
ആ സിനിമയില്‍ സ്റ്റീഫന്റെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരാളെ നഷ്ടമായത് കാണിച്ചതിന് ശേഷമാണ് അയാളുടെ മാസ് സീനുകള്‍ കാണിക്കുന്നത്. എന്തുകൊണ്ടായിരുന്നു മാസ് കാണിക്കുന്നതില്‍ ഇങ്ങനെ ഒരു മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയ മുരളി ഗോപി. സില്ലിമോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മാസിന് എന്റെ മനസില്‍ ഒരു ഡഫനിഷനുണ്ട്. അതിന് അനുസരിച്ചാണ് ഞാന്‍ എഴുതുന്നത്. ഒരു സിനിമയില്‍ ഇങ്ങനെയൊരു സീന്‍ വന്നപ്പോഴാണ് ആളുകള്‍ക്ക് രോമാഞ്ചം ഉണ്ടായതെന്ന് പറഞ്ഞ് അതുപോലെ ഞാനും എന്റെ സിനിമയില്‍ ചെയ്യണമെന്ന് കരുതാറില്ല. ആ രീതിയില്‍ ഞാന്‍ ഒന്നിനെയും സമീപിക്കാറില്ല.
ഞാന്‍ ബേസിക്കലി ഒരു മെയിന്‍സ്ട്രീം ഫിലിംമേക്കറാണ്. സിനിമ കണ്ട് ആളുകള്‍ കൈയ്യടിക്കുന്ന നിമിഷങ്ങള്‍ ഇഷ്ടപെടുന്ന ആളാണ്. ഒരുപാട് ആളുകളില്‍ ഒരുമിച്ച് രോമാഞ്ചമുണ്ടാക്കുക എന്നത് ഒരു മാസ് സിനിമയുടെ ധര്‍മമാണ്. അത് സിനിമ കാണുന്ന ആളുകള്‍ ആവശ്യപ്പെടുന്ന കാര്യവുമാണ്.
Also Read: ലോകത്തിലെ ഏറ്റവും വലിയ സംഗീത പരിപാടിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി കോള്‍ഡ്‌പ്ലേ
അത് ഉണ്ടാക്കാനായി ഒരു ഫോര്‍മുലയെ മാത്രം ആശ്രയിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെയുള്ളില്‍ ഒരു പ്രേക്ഷകനുണ്ട്. ആ പ്രേക്ഷകന് ആഗ്രഹമുള്ള രോമാഞ്ചം സൃഷ്ടിക്കുന്ന സിനിമകളാണ് എന്റേത്. അതനുസരിച്ചാണ് ഞാന്‍ തിരക്കഥ എഴുതുന്നത്.
മുമ്പുള്ള ഒരു സിനിമയില്‍ അങ്ങനെ കാണിച്ചത് കൊണ്ടാണല്ലോ ആളുകള്‍ക്കിടയില്‍ ആരവമുണ്ടായതെന്ന് ചിന്തിച്ച് അതുപോലെ ഒന്ന് വേണമെന്ന് കരുതി എഴുതിയിട്ടില്ല. എന്റെയുള്ളില്‍ രോമാഞ്ചമുണ്ടാക്കുന്ന മാസ് സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു പ്രേക്ഷകനുണ്ട്. അയാള്‍ക്ക് വേണ്ടി എഴുതിയ സിനിമയായിരുന്നു ലൂസിഫര്‍ എന്ന് പറയാം,’ മുരളി ഗോപി പറഞ്ഞു.
Content Highlight: Murali Gopi Talks About Mass Movies