| Monday, 1st July 2024, 8:03 am

'കാലന്‍ പോത്തുമായി വരുന്നത് പോലെയെത്തുന്ന സ്റ്റീഫന്‍ നെടുമ്പള്ളി' അങ്ങനെയൊന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലൂസിഫര്‍. ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ലൂസിഫര്‍ പ്രഖ്യാപനം മുതല്‍ക്കേ തന്നെ ഹൈപ്പിന്റെ കൊടുമുടിയിലായിരുന്നു. മലയാളത്തിലെ വലിയ സാമ്പത്തിക വിജയമായ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ ആയിരുന്നു എത്തിയത്.

ലൂസിഫര്‍ സിനിമയില്‍ ആരെയെങ്കിലും വകവരുത്താന്‍ പോകുമ്പോള്‍ സ്റ്റീഫന്‍ നെടുമ്പള്ളി പലപ്പോഴും ഒറ്റക്കാണ് വണ്ടി ഓടിച്ചു പോകുന്നത്. ഇത് കാലന്‍ അയാളുടെ പോത്തുമായി വരുന്നതിന്റെ ഇമേജ് സൃഷ്ടിക്കുന്നുണ്ട്. അങ്ങനെയൊന്ന് തിരക്കഥ ഒരുക്കുമ്പോള്‍ ചിന്തിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മുരളി ഗോപി. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരിക്കലും ഇല്ല. അങ്ങനെയൊന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. പിന്നെ ലൂസിഫറിന്റെ കണ്‍സപ്റ്റ് വളരെ വ്യത്യസ്തമാണ്. അയാള്‍ ഏറ്റവും ഏകാന്തനായ ഏറ്റവും സുന്ദരനായ മനുഷ്യനാണ്. അങ്ങനെയാണ് ലൂസിഫറിനെ കുറിച്ച് പറയുന്നത്.

അയാള്‍ ഒറ്റക്കാണ് നടക്കുന്നത്. എന്നാല്‍ അയാള്‍ക്ക് ആളുകളുടെ മനസിലേക്ക് പ്രവേശിക്കാന്‍ സാധിക്കും, അവര്‍ക്കൊപ്പം നടക്കും. അതാണ് ലൂസിഫറിന്റെ കണ്‍സപ്റ്റ്. അതല്ലാതെ മറ്റൊന്നും ഈ കഥാപാത്രത്തിലൂടെ ഞങ്ങള്‍ കണ്ടിട്ടില്ല,’ മുരളി ഗോപി പറഞ്ഞു.

Also Read: അന്യന്‍, മുതല്‍വന്‍, ഇന്ത്യന്‍ എന്നീ കഥാപാത്രങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന സിനിമയെപ്പറ്റി ഞാന്‍ ആലോചിച്ചിരുന്നു: ഷങ്കര്‍

ഇപ്പോള്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനില്‍ നിന്ന് മാറി ഖുറേഷി അബ്രാം എന്ന അധോലോക നായകനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുക.

ഈ സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. എമ്പുരാന്‍ പ്രഖ്യാപിച്ചത് മുതല്‍ തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് എമ്പുരാന്‍ പ്രദര്‍ശനത്തിന് എത്തുന്നത്.


Content Highlight: Murali Gopi Talks About Lucifer Concept

We use cookies to give you the best possible experience. Learn more