തന്റെ സിനിമകളിലൂടെ രാഷ്ട്രീയം പറയുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. ലൂസിഫര്‍, കമ്മാര സംഭവം, ടിയാന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളെല്ലാം മുരളി ഗോപിയുടെ തിരക്കഥയില്‍ പിറന്നതാണ്.
അഭിനേതാവ് എന്ന നിലയിലും മുരളി ഗോപി മലയാള സിനിമയില്‍ ശ്രദ്ധേയനാണ്. ഇപ്പോള്‍ മാര്‍ച്ച് 27ന് മുരളി ഗോപി തിരക്കഥയെഴുതിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ തീയേറ്റര്‍ റിലീസിനൊരുങ്ങുകയാണ്.
തന്റെ പരാജയപ്പെട്ട ടിയാന്‍, കമ്മാരസംഭവം എന്നീ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി.
തന്റെ കമ്മാരസംഭവം, ടിയാന്‍ എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ട ചിത്രങ്ങളാണെന്നും നമ്മള്‍ എന്ത് തന്നെ വിചാരിച്ചുകൊണ്ട് സിനിമ ചെയ്താലും അന്തിമമായ തീരുമാനം പ്രേക്ഷകരുടെയാണെന്നും മുരളി ഗോപി പറയുന്നു. കമ്മാരസംഭവം, ടിയാന്‍ എന്നീ സിനിമകള്‍ റിലീസ് കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ആളുകള്‍ സെലിബ്രേറ്റ് ചെയ്തുവെന്നും എന്നാല്‍ താന്‍ ഒരിക്കലും
കാഴ്ച്ചക്കാരെ ഈ കാര്യത്തില്‍ ചോദ്യം ചെയ്യുകയില്ലെന്നും മുരളി ഗോപി പറയുന്നു.
‘എന്റെ ലൂസിഫര്‍ എന്ന സിനിമ വലിയ ഹിറ്റാണ്. കമ്മാരസംഭവം എന്നുള്ള സിനിമ ഫ്‌ളോപ്പാണ്. ടിയാനും ഫ്‌ളോപ്പാണ്. നമ്മള്‍ എന്ത് തന്നെ വിചാരിച്ചാലും ആളുകളാണ് അത് കാണുകയോ, വേണ്ടയോ എന്നുള്ളത് തീരുമാനിക്കുന്നത്. കമ്മാരസംഭവം എന്ന സിനിമ റിലീസ് ചെയ്ത് കഴഞ്ഞതിന് ശേഷം ഒരുപാട് സെലിബ്രേറ്റ് ചെയ്തു. ടിയാന്‍ എന്ന സിനിമക്ക് വേറൊരു ഫോളോയിങ് ഉണ്ട്.
പക്ഷേ അതൊന്നും ആ സിനിമയെ ഇറങ്ങിയ സമയത്ത് ഹെല്‍പ്പ് ചെയ്തിട്ടില്ല. അതുകൊണ്ട് ഒരു എഴുത്തുകാരന് ഒരിക്കലും ശാഠ്യം പിടിക്കാന്‍ കഴിയില്ല. ഇത് ഇറങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ എവിടെയായിരുന്നു, ഇത്തരത്തില്‍ ഒരു കാഴ്ചക്കാരനോടും നമ്മള്‍ക്ക് ചോദിക്കാനും പറ്റില്ല. ഞാന്‍ ഒരിക്കലും അങ്ങനെ ചോദിക്കുകയുമില്ല,’ മുരളി ഗോപി പറയുന്നു.
മുരളി ഗോപി തിരക്കഥയെഴുതി ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത് 2017 ല്‍ പുറത്തിറങ്ങിയ ടിയാന്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു.
Content Highlight: Murali Gopi talks about his films Tiyan and Kammara sambhavam