മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്റോയ്, ഇന്ദ്രജിത്, സാനിയ ഇയ്യപ്പന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ പറ്റി പറയുകയാണ് ലൂസിഫറിന്റെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി. സ്റ്റീഫന്‍ നെടുമ്പള്ളി ഇമോഷന്‍സ് മുഴുവനായും ഉറഞ്ഞുപോയ അഗ്‌നിപര്‍വ്വതം പോലെയാണെന്നും വളരെ വിരളമായി മാത്രം വികാരങ്ങള്‍ മുഖത്ത് പ്രകടിപ്പിക്കുന്ന ഒരാളാണെന്നും മുരളി ഗോപി കാന്‍ ചാനല്‍ മീഡിയക്ക് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു.
‘ഇമോഷന്‍സ് മുഴുവനായും ഉറഞ്ഞുപോയ അഗ്‌നിപര്‍വ്വതം പോലെയാണ് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കഥാപാത്രം. വളരെ അപൂര്‍വ്വമായി മാത്രം ഇമോഷനുകള്‍ മുഖത്തുവരും.
അപര്‍ണയുടെ കുഞ്ഞിന് പേര് നല്‍കുന്ന രംഗമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്, അത് വളരെ ടഫ് ആയിട്ടുള്ള ഒന്നായി തോന്നി. അനാഥന്‍ അനാഥന്റെ പിതൃത്വം എടുക്കുകയാണ് അവിടെ. നിറഞ്ഞു കവിയുന്ന സ്‌നേഹവും അവിടെ കാണാനാകും. വളരെ സട്ടിലായാണ് അവിടെ കാണിക്കുന്നത്. ഒരു പൊടിക്ക് മാറിയാല്‍ അത് അപ്പുറത്താവും. കുറഞ്ഞാല്‍ താഴെ പോവും.
കറക്ട് മീറ്ററിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉറഞ്ഞുപോയ ഒരു അഗ്നിപര്‍വ്വതത്തില്‍ നിന്നും ഇടക്ക് പുറത്ത് വരുന്ന ഇമോഷനാണ് അത്,’ മുരളി ഗോപി പറഞ്ഞു.
അതേസമയം ലൂസിഫറിന്റെ രണ്ടാം ഭാഗമായി വരാനിരിക്കുന്ന ചിത്രമായ എമ്പുരാന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
അടുത്തിടെ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് പുറത്തിറങ്ങിയിരുന്നു. ചിരഞ്ജീവി നായകനായ ചിത്രത്തില്‍ നയന്‍താര, സല്‍മാന്‍ ഖാന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററില്‍ ചിത്രം പരാജയപ്പെട്ടിരുന്നു.
Content Highlight: murali gopi talks about his favorite scene in lucifer