താന്‍ വലതുപക്ഷ വിരുദ്ധനാണെന്ന് മുരളി ഗോപി. എന്നാല്‍, ഇപ്പോള്‍ മുഖ്യധാരാ ഇടതുപക്ഷം വലതുപക്ഷമായി മാറുകയാണെന്നും അതിനെ വിമര്‍ശിക്കുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള വിമര്‍ശനമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഫാസിസ്റ്റുകളെയും വലതുപക്ഷത്തെയും പുച്ഛിച്ചു തള്ളിയതുകൊണ്ടാണ് അവര്‍ ഇപ്പോഴത്തെ നിലയില്‍ വലിയ ശക്തിയായി വളര്‍ന്നതെന്നും മുരളി ഗോപി പറയുന്നുണ്ട്.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍, ഈ അടുത്ത കാലത്ത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഈ ചിത്രങ്ങളൊന്നും ഇടതുപക്ഷ വിരുദ്ധമല്ലെന്നും വലതുപക്ഷത്തെ താന്‍ ഒരുപാട് ചിത്രങ്ങളില്‍ വിമര്‍ശിച്ചിട്ടുണ്ടെന്നും അതെല്ലാം സൗകര്യപൂര്‍വം വിസ്മരിക്കുകയാണെന്നും മുരളി ഗോപി പറയുന്നു.
‘വലതുപക്ഷത്തിന്റെ കുത്തകയല്ല ഫാസിസം.
ഇടതുപക്ഷത്തും ഫാസിസ്റ്റ് എലമന്റുകളുണ്ട്. ഇന്ത്യയില്‍ ഇടതുപക്ഷമില്ല എന്നാണ് പറയുന്നത്. ഇവിടെ ഇടതുപക്ഷമില്ലെന്നാണ് എന്റെ അഭിപ്രായം. ഇവിടത്തെ മുഖ്യധാരാ ഇടതുപക്ഷം വലതുപക്ഷത്തിന്റെ എല്ലാ പ്രവണതകളും കാണിക്കുന്ന സോകോള്‍ഡ് ഇടതുപക്ഷം മാത്രമാണ്’ മുരളി ഗോപി പറയുന്നു.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരു ഇടതുപക്ഷ ചിത്രമാണെന്നും അദ്ദേഹം പറയുന്നു.
‘ഇടതുപക്ഷം വിമര്‍ശനത്തിന് അതീതമല്ല. മുഖ്യധാരാ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള വിമര്‍ശനമാകുന്നില്ല. അതോടൊപ്പം ടിയാന്‍ വലതുപക്ഷ രാഷ്ട്രീയത്തിനെതിരായ ചിത്രമാണ്. അങ്ങനെ വലതുപക്ഷത്തിനെതിരെ നന്നായി വിമര്‍ശിച്ച ചിത്രങ്ങള്‍ താന്‍ ചെയ്തിട്ടുണ്ട്. അത് ആരും കാണുന്നില്ല എന്നതാണ് പ്രശ്‌നം.
സെലക്ടീവായ നിരൂപണമാണിവിടെ നടക്കുന്നത്,’ മുരളി ഗോപി പറയുന്നു.